ഇസ്രായേലി അധിനിവേശത്തില്‍ ഗസയിലെ മൂന്നിലൊന്ന് ക്രിസ്ത്യാനികളും നാടുവിട്ടു; 90 ശതമാനം സ്ഥാപനങ്ങളും തകര്‍ന്നു

Update: 2025-07-21 12:45 GMT

ഗസ സിറ്റി: ഇസ്രായേലി അധിനിവേശത്തെ തുടര്‍ന്ന് ഗസയിലെ മൂന്നിലൊന്ന് ക്രിസ്ത്യാനികളും നാടുവിട്ടതായി റിപോര്‍ട്ട്. 1600 വര്‍ഷത്തില്‍ അധികം പഴക്കമുള്ള ദേവാലയങ്ങള്‍ അടക്കം ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ 90 ശതമാനം സ്വത്തുക്കളും ഇസ്രായേല്‍ തകര്‍ത്തു കഴിഞ്ഞെന്ന് ഗസയിലെ അറബ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ട്രസ്റ്റി അംഗമായ എലിയാസ് അല്‍ ജെല്‍ദ പറഞ്ഞു. സ്‌കൂളുകള്‍, ആശുപത്രികള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. നിലവില്‍ 600 ക്രിസ്ത്യാനികള്‍ മാത്രമാണ് ഗസയിലുള്ളത്. മൊത്തം ക്രിസ്ത്യാനികളില്‍ മൂന്നു ശതമാനം ഇസ്രായേലി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. അല്‍സൂരി പരമ്പരയിലെ രണ്ടു കുടുംബങ്ങള്‍ പൂര്‍ണമായും കൊല്ലപ്പെട്ടു.





 അല്‍ സെത്തൂന്‍ പ്രദേശത്തെ സെന്റ് പോര്‍ഫിറിയസിന്റെ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ ദേവാലയം ഏറെക്കുറെ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഗസയിലെ ഏക കത്തോലിക് ദേവാലയമായ ഹോളി ഫാമിലി ചര്‍ച്ചില്‍ രണ്ടുതവണ ബോംബിട്ടു. ഹോളി ഫാമിലി സ്‌കൂള്‍, റോസറി സിസ്‌റ്റേഴ്‌സ് സ്‌കൂള്‍, സിസ്‌റ്റേഴ്‌സ് ചാരിറ്റി കിന്‍ഡര്‍ഗാര്‍ട്ടന്‍ എന്നിവ ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നു. തെല്‍ അല്‍ ഹവയിലെ സാംസ്‌കാരിക കേന്ദ്രവും ലാറ്റിന്‍ സ്‌കൂളും പൊടിയായി.

അല്‍ ഷിഫ ആശുപത്രി തകര്‍ത്തതിന് ശേഷം ബാപ്റ്റിസ്റ്റുകള്‍ നടത്തുന്ന അല്‍ അഹ്‌ലി അറബ് ആശുപത്രിയും ആക്രമിക്കപ്പെട്ടു. ഗസാ നിവാസികളുടെ വിശ്വാസമൊന്നും പരിഗണിക്കാതെ ആളുകളെ ആക്രമിക്കുകയാണെന്ന് അല്‍ ജെല്‍ദ പറഞ്ഞു. ഇത് ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണമല്ലെന്നും മുഴുവന്‍ ഗസാ നിവാസികള്‍ക്കുമെതിരായ ആക്രമണമാണെന്നും ഫലസ്തീനിലെ കത്തോലിക്ക് ചര്‍ച്ചിന്റെ മേധാവിയായ ഫാദര്‍ അബ്ദുല്ലാ ജൂഹിയോ പറഞ്ഞു. ഗസയില്‍ മനുഷ്യരും ചരിത്രവും സംസ്‌കാരവും പാടില്ലെന്നാണ് ഇസ്രായേലിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.