ഫയറിങ് സ്‌ക്വോഡിനെ ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കാന്‍ യുഎസ്; ആദ്യ ശിക്ഷ നാളെ നടപ്പാക്കും

Update: 2025-03-06 05:24 GMT

വാഷിങ്ടണ്‍: ഒന്നരപതിറ്റാണ്ടിന് ശേഷം ഫയറിങ് സ്‌ക്വോഡിനെ ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കാന്‍ തയ്യാറെടുത്ത് യുഎസ്. നോര്‍ത്ത് കരോലൈന സംസ്ഥാനത്താണ് നാളെ ഈ രീതിയില്‍ വിധശിക്ഷ നടപ്പാക്കുക. 2001ല്‍ പെണ്‍സുഹൃത്തിന്റെ മാതാപിതാക്കളെ കൊലപ്പെടുത്തിയ ബ്രാഡ് സിഗ്മണ്‍ എന്നയാളുടെ വധശിക്ഷയാണ് നടപ്പാക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. ഇലക്ട്രിക് കസേരയില്‍ ഇരുത്തി വൈദ്യുതി കടത്തിവിട്ടു കൊല്ലുക, വിഷം കുത്തിവെക്കുക എന്നീ രീതികള്‍ ഒഴിവാക്കുകയാണെന്ന് നോര്‍ത്ത് കരോലൈന ഗവര്‍ണര്‍ അറിയിച്ചു.

 ബ്രാഡ് സിഗ്മണ്‍

1608ന് ശേഷം ഫയറിങ് സ്‌ക്വോഡിനെ ഉപയോഗിച്ച് 144 സിവിലിയന്‍മാരുടെ വധശിക്ഷ യുഎസ് സംസ്ഥാനങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും യുട്ടാ സംസ്ഥാനത്താണ് നടന്നത്. എന്നാല്‍, യുട്ടായില്‍ 1977ന് ശേഷം മൂന്നു പേരെ മാത്രമാണ് ഈ രീതിയില്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയത്. രണ്ടുപേരെ കൊന്ന കേസിലെ പ്രതിയായ ഗാരി ഗില്‍മോറിനെയാണ് കുറെക്കാലത്തിന് ശേഷം1977ല്‍ ആദ്യമായി വധശിക്ഷയ്ക്ക് വിധേയനാക്കിയത്. തന്നെ ഫയറിങ് സ്‌ക്വോഡിനെ ഉപയോഗിച്ച് കൊല്ലണമെന്നാണ് ഗാരി ഗില്‍മോര്‍ ആവശ്യപ്പെട്ടതും. ചില പ്രത്യേകസാഹചര്യങ്ങളില്‍ ഫയറിങ് സ്‌ക്വോഡിനെ ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കാമെന്ന് യുഎസിലെ ഇദാഹോ, മിസിസിപ്പി, ഒക്‌ലഹോമ, സൗത്ത് കരോലൈന, യുട്ട എന്നീ സംസ്ഥാനങ്ങളില്‍ നിയമമുണ്ട്.

ഗാരി ഗില്‍മോര്‍

1608-1865 കാലത്തെ ആഭ്യന്തര യുദ്ധത്തില്‍ വധശിക്ഷ നടപ്പാക്കാന്‍ ഫയറിങ് സ്‌ക്വോഡുകളെയാണ് യുഎസ് ഉപയോഗിച്ചിരുന്നത്. അധികൃതര്‍ക്കെതിരെ സായുധകലാപം നടത്താന്‍ സ്‌പെയിനുമായി ഗൂഡാലോചന നടത്തിയെന്നാരോപിച്ച് ക്യാപ്റ്റന്‍ ജോര്‍ജ് കെന്‍ഡല്‍ എന്നയാളുടെ വധശിക്ഷ 1608ല്‍ വിര്‍ജീനിയയിലെ ജെയിംസ്ടൗണില്‍ നടപ്പാക്കിയിരുന്നു. 1996ല്‍ ഇയാളുടെ മൃതശരീരത്തിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു. വെടിയുണ്ടകള്‍ തുളച്ചുകയറിയ മൃതദേഹമാണ് കണ്ടെത്തിയത്.

അമേരിക്കന്‍ വിപ്ലവകാലത്ത് സൈന്യത്തില്‍ നിന്ന ഒളിച്ചോടുന്നവരെയും ഇത്തരത്തിലാണ് ശിക്ഷിച്ചിരുന്നത്. സൈനികമേധാവിയുമായി വാക്കുതര്‍ക്കമുണ്ടായതിന് വധശിക്ഷക്ക് വിധിച്ച കോണക്ടിക്കട്ടിലെ സൈനികനായ എബെന്‍സര്‍ ലെഫിങ്‌വെല്ലിനെ അവസാന നിമിഷം ജോര്‍ജ് വാഷിങ്ടണ്‍ വെറുതെവിട്ടിരുന്നു. കണ്ണുകെട്ടി നിര്‍ത്തിയ ശേഷമാണ് വെറുതെവിട്ടത്.

യുട്ടയിലെ ജയിലിലെ എക്‌സിക്യൂഷന്‍ ചേംപര്‍ (1996)

ശവപ്പെട്ടിക്ക് സമീപം കണ്ണുകെട്ടി ഇരുത്തിയ ശേഷം ആറോ ഏഴോ പേര്‍ ചേര്‍ന്ന് വെടിവയ്ക്കുന്ന രീതിയാണ് നിലവിലുണ്ടായിരുന്നതെന്ന് സൗത്ത് കരോലൈന സര്‍വകലാശാലയിലെ ചരിത്രവിഭാഗം പ്രഫസറായ മാര്‍ക് സ്മിത്ത് പറയുന്നു. ഇതില്‍ ഒരാളുടെ തോക്കിലെ വെടിയുണ്ട വ്യാജനായിരിക്കും. അത് ആരുടെ തോക്കാണെന്ന് ആര്‍ക്കും അറിയുകയുമില്ല. ആഭ്യന്തരയുദ്ധത്തില്‍ ഏറ്റവും ചുരുങ്ങിയത് 185 പേരെ ഇത്തരത്തില്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ടെന്നും മാര്‍ക് സ്മിത്ത് വിശദീകരിച്ചു.

1860-1915 കാലയളവില്‍ യുട്ട സംസ്ഥാനത്ത് ഫയറിങ് സ്‌ക്വോഡുകളെ ഉപയോഗിച്ചാണ് വധശിക്ഷ നടപ്പാക്കിയിരുന്നത്. തൂക്കിക്കൊല്ലല്‍, തല വെട്ടല്‍, വെടിവച്ചു കൊല്ലല്‍ എന്നീ മൂന്നു രീതികളില്‍ വധശിക്ഷ നടപ്പാക്കാമെന്നാണ് യുട്ടയിലെ അക്കാലത്തെ നിയമം പറഞ്ഞിരുന്നത്. യുട്ടയിലെ ആദ്യ വെടിവച്ചു കൊല്ലല്‍ ശിക്ഷ നടപ്പാക്കിയത് അടച്ചിട്ട ഒരു മുറിയിലായിരുന്നു. എന്നാല്‍, നീതി നടപ്പായത് കാണാന്‍ സാധിച്ചിട്ടില്ലെന്ന് പറഞ്ഞ് ഇരയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. ഇതോടെ വധശിക്ഷ നടപ്പാക്കല്‍ തുറന്ന പ്രദേശങ്ങളിലേക്ക് മാറ്റി.

ചീട്ടുകളിക്കിടെ കൂട്ടുകാരനെ വെടിവച്ചു കൊന്ന കേസിലെ പ്രതിയായ വാലസ് വില്‍ക്കേഴ്‌സണാണ് ആദ്യമായി വിഷയത്തില്‍ സുപ്രിംകോടതിയെ സമീപിച്ചത്. തന്നെ ഫയറിങ് സ്‌ക്വോഡിനെ കൊണ്ടു വെടിവെപ്പിച്ച് കൊല്ലരുതെന്നായിരുന്നു ഇയാളുടെ ആവശ്യം. ഇത് കോടതി തള്ളി.പ്രതിയുടെ കൈകാലുകള്‍ കുതിരകളുടെ മേല്‍ കെട്ടിയ ശേഷം കുതിരകളെ വ്യത്യസ്ത ദിശകളിലേക്ക് പായിച്ച് വലിച്ചുകീറി കൊല്ലുന്ന രീതിയും കെട്ടിയിട്ട് കീറിമുറിച്ച് കൊല്ലുന്ന രീതിയും ക്രൂരമാണെന്നും ഭരണഘടനാവിരുദ്ധമാണെന്നുമാണ് കോടതി പറഞ്ഞത്. പിന്നീട് മദ്യം നല്‍കി അര്‍ധബോധാവസ്ഥയിലാക്കിയ ശേഷമാണ് വാലസ് വില്‍ക്കേഴ്‌സണെ വെടിവച്ചു കൊന്നത്. വെടിയേറ്റ് പതിനഞ്ച് മിനുട്ട് കഴിഞ്ഞാണ് അയാള്‍ മരിച്ചത്.

ലോകപ്രശസ്ത തൊഴിലാളി നേതാവും സംഗീതജ്ഞനുമായിരുന്ന ജോ ഹില്ലിനെ 1915ല്‍ യുട്ടയില്‍ ഇത്തരത്തിലാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി തൊഴിലാളികളെ സംഘടിപ്പിച്ചതിന് പ്രതികാരമായി കള്ളക്കേസില്‍ കുടുക്കിയാണ് ജോ ഹില്ലിനെ കൊന്നതെന്ന് അന്ന് തന്നെ ആരോപണവും ഉയര്‍ന്നു.

1900ന് ശേഷം നെവാദ സംസ്ഥാനവും ഒരിക്കല്‍ ഫയറിങ് സ്‌ക്വോഡിനെ ഉപയോഗിച്ചു. പക്ഷെ, വധശിക്ഷ നടപ്പാക്കാന്‍ ആരും തയ്യാറാവാത്തതിനാല്‍ തോക്കുകളുടെ ട്രിഗറില്‍ കെട്ടിയ വള്ളി അകലെ നിന്നവരെ കൊണ്ടുവലിപ്പിക്കുകയാണ് ചെയ്തത്.

വെടിവച്ചു കൊല്ലുന്നത് നല്ലരീതിയല്ലെന്ന പ്രചാരണത്തെ തുടര്‍ന്നാണ് യുട്ട സംസ്ഥാനം പിന്നീട് വധശിക്ഷ മറ്റുരീതികളില്‍ നടപ്പാക്കാന്‍ തുടങ്ങിയത്. മാരകമായ വിഷങ്ങള്‍ കുത്തിവയ്ക്കുന്ന രീതിക്കാണ് പ്രാധാന്യം കിട്ടിയത്. ഇലക്ട്രിക് ചെയറില്‍ ഇരുത്തി വധശിക്ഷ നടപ്പാക്കുമ്പോള്‍ മരിക്കാന്‍ സമയം എടുക്കുന്നു എന്നും പറയപ്പെടുന്നു. എന്നാല്‍, വെടിവച്ചു കൊല്ലുമ്പോള്‍ പ്രതിക്ക് അധികം വേദനയുണ്ടാവില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. അതേസമയം, വെടിയേറ്റ വാലസ് വില്‍ക്കേഴ്‌സണും എല്‍സിയോ മാര്‍സ് എന്നയാളും മരിക്കാന്‍ കുറെ സമയം എടുത്തു എന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. അത്യാധുനിക തോക്കുകളും ശക്തമായ വെടിയുണ്ടകളും ഉള്ള ഇക്കാലത്ത് ആ പ്രശ്‌നം ഉണ്ടാവില്ലെന്നാണ് മറുവാദം. എല്‍സിയോ മാര്‍സ് ഏറെ വെറുക്കപ്പെട്ടവനായിരുന്നുവെന്നും അതിനാല്‍ വെടിവെച്ചവര്‍ കരുതിക്കൂട്ടി ഹൃദയം ഒഴിവാക്കി എന്നും വാദം വരുന്നുണ്ട്. വേദനിച്ചു മരിക്കട്ടെ എന്നായിരുന്നത്രെ വെടിവച്ചവരുടെ ആഗ്രഹം. എന്നാല്‍, തന്നെ, വെടിവച്ചു കൊന്നാല്‍ മതിയെന്നാണ് ബ്രാഡ് സിഗ്മണ്‍ ആവശ്യപ്പെട്ടിരിക്കുന്നത്.