പ്രധാന നഗരങ്ങളെല്ലാം ചേരികളായി മാറിയെന്ന് സുപ്രീംകോടതി

റെയില്‍ വേയുടെ സ്ഥലം കയ്യേറിയതിനെതിരേ യഥാ സമയം നടപടിയെടുക്കുന്നതില്‍ റെയില്‍വേയുടെ ഭാഗത്ത് വീഴ്ച്ചയുണ്ടായതായി കോടതി നിരീക്ഷിച്ചു

Update: 2021-12-17 09:57 GMT

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം ചേരികളായി മാറിയെന്ന് സുപ്രീംകോടതി. സ്വാതന്ത്ര്യം നേടി ഏഴര പതിറ്റാണ്ടിന് ശേഷവും പൊതുസ്ഥനങ്ങള്‍ കയ്യേറുന്നത് സങ്കടകരമായ കാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഗുജറാത്തിലെ റെയില്‍വേയുടെ ഭൂമിയില്‍ അനധികൃതമായി കുടിയേറിയവരെ ഒഴിപ്പിക്കുന്നതു സംബന്ധിച്ച വിധി പുറപ്പെടുവിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം.റെയില്‍വേ ഭൂമിയില്‍ ആറു പതിറ്റാണ്ടായി ജീവിക്കുന്നവരോട് റെയില്‍വേയും സര്‍ക്കാരും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതിനെതിരെയാണ് ചേരിനിവാസികള്‍ കോടതിയില്‍ ഹരജി നല്‍കിയത്.

മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയും പുനരധിവാസം ഉറപ്പുവരുത്താതെയുമാണ് സര്‍ക്കാര്‍ കുടിയൊഴിയാന്‍ ആവശ്യപ്പെട്ടതെന്ന് താമസക്കാര്‍ക്കായി വാദിച്ച കോളിന്‍ ഗോണ്‍സാല്‍വസ് പറഞ്ഞു. പുതിയ റെയില്‍വേ ലൈന്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് റെയില്‍വേ ഇവരോട് കുടിയൊഴിയാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോവിഡ് മഹാമാരിയുടെ കാലത്ത് ആളുകളെ കൂട്ടത്തോടെ കുടിയിറക്കുന്നത് വലിയ ദുരന്തം ക്ഷണിച്ചു വരുത്തലാകുമെന്നും ഹരജിക്കാര്‍ കോടതിയില്‍ പറഞ്ഞു.

റെയില്‍വേയുടെ സ്ഥലത്ത് കുടിയേറിയവരെ ഉടന്‍ പുറത്താക്കേണ്ടതില്ലെന്ന് പറഞ്ഞ കോടതി, സ്ഥലം ഒഴിയാന്‍ രണ്ടാഴ്ച സമയം നല്‍കാനും ആവശ്യപ്പെട്ടു. പൊളിച്ചു കളയുന്ന ഓരോ കൂരയ്ക്കും പ്രതിമാസം രണ്ടായിരം രൂപ ആറു മാസത്തേക്ക് നല്‍കാനും ജസ്റ്റിസ് എ എം ഖാന്‍വീല്‍ക്കറും ദിനേശ് മഹേശ്വരിയും ഉള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ച് വിധിച്ചു. റെയില്‍ വേയുടെ സ്ഥലം കയ്യേറിയതിനെതിരേ യഥാ സമയം നടപടിയെടുക്കുന്നതില്‍ റെയില്‍വേയുടെ ഭാഗത്ത് വീഴ്ച്ചയുണ്ടായതായി കോടതി നിരീക്ഷിച്ചു.

Tags:    

Similar News