പഹല്‍ഗാം ആക്രമണത്തില്‍ പങ്കില്ലെന്ന് ''ദി റെസിസ്റ്റന്‍സ് ഫ്രണ്ട്'' പ്രസ്താവന ഇറക്കിയെന്ന് ദേശീയമാധ്യമങ്ങള്‍

Update: 2025-04-26 08:51 GMT

ശ്രീനഗര്‍: കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ആക്രമണത്തില്‍ പങ്കില്ലെന്ന് 'ദി റെസിസ്റ്റന്‍സ് ഫ്രണ്ട്' എന്ന സംഘടന. ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് സംഘടന പ്രസ്താവന ഇറക്കിയതായി ദി ഹിന്ദു പത്രം റിപോര്‍ട്ട് ചെയ്തു. പ്രസ്താവനയുടെ പൂര്‍ണരൂപം ന്യൂസ് 18 പോലുള്ള മാധ്യമങ്ങളും പ്രസിദ്ധീകരിച്ചു.

പ്രസ്താവന ഇങ്ങനെ പറയുന്നു:

'' പഹല്‍ഗാം സംഭവത്തില്‍ റെസിസ്റ്റന്‍സ് ഫ്രണ്ടിന് പങ്കുണ്ടെന്ന കുറ്റാരോപണത്തെ നിസ്സംശയം നിഷേധിക്കുകയാണ്. ടിആര്‍എഫിന് മേലുള്ള ഈ തിടുക്കത്തിലുള്ള ആരോപണം തെറ്റും കശ്മീരി പ്രതിരോധത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത പ്രചാരണത്തിന്റെ ഭാഗവുമാണ്.

പഹല്‍ഗാമിലെ ആക്രമണത്തിന് തൊട്ടുപിന്നാലെ, ഞങ്ങളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൊന്നില്‍ നിന്ന് ഒരു ഹ്രസ്വവും അനധികൃതവുമായ സന്ദേശം പോസ്റ്റ് ചെയ്തു. ഇത് ഏകോപിത സൈബര്‍ നുഴഞ്ഞുകയറ്റത്തിന്റെ ഫലമാണെന്നാണ് ആന്തരിക ഓഡിറ്റ് ശേഷം ഞങ്ങള്‍ വിശ്വസിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഡിജിറ്റല്‍ ആയുധപ്പുരയിലെ പരിചിതമായ ഒരു തന്ത്രമാണിത്. സൈബര്‍ സുരക്ഷാ ലംഘനം കണ്ടെത്തുന്നതിന് ഞങ്ങള്‍ പൂര്‍ണ്ണമായ അന്വേഷണം നടത്തുകയാണ്.

കൂടാതെ ആദ്യകാല സൂചകങ്ങള്‍ ഇന്ത്യന്‍ സൈബര്‍ ഇന്റലിജന്‍സ് പ്രവര്‍ത്തകരുടെ വിരലടയാളങ്ങള്‍ സൂചിപ്പിക്കുന്നു. രാഷ്ട്രീയ നേട്ടത്തിനായി ഇന്ത്യ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത് ഇതാദ്യമല്ല......

2000ത്തില്‍ ഇന്ത്യന്‍ സൈന്യം ചത്തിസിങ്പുരയില്‍ 35 സിഖുകാരെ ക്രൂരമായി കൂട്ടക്കൊല ചെയ്തു. എന്നിട്ട് അത് മിലിട്ടന്‍സിന്റെ മേലിടുകയും കശ്മീരില്‍ സൈനിക ആക്രമണം നടത്തുകയും ചെയ്തു. 2001ല്‍ പാര്‍ലമെന്റ് ആക്രമണം നടത്തിയ ശേഷം കശ്മീരില്‍ വലിയ തോതില്‍ സൈനികവിന്യാസം നടത്തി. 2019ല്‍ തിരഞ്ഞെടുപ്പിന് മുമ്പ് പുല്‍വാമയില്‍ ആക്രമണമുണ്ടായപ്പോള്‍ പാകിസ്താനെ കുറ്റപ്പെടുത്തി. എന്നിട്ടും സത്യ പാല്‍ മാലിക് പോലുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ വീഴ്ച്ചകളും രാഷ്ട്രീയ മൂടിവെപ്പുകളും തുറന്നു കാട്ടി.''-വക്താവ് അഹമദ് ഖാലിദ് പ്രസ്താവനയില്‍ പറഞ്ഞു.യുഎപിഎ പ്രകാരം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സംഘടനയാണ് ദി റെസിസ്റ്റന്‍സ് ഫ്രണ്ട്.