റാമല്ല: ഗസയുടെ പുനര്‍നിര്‍മാണ പ്രക്രിയ ആരംഭിച്ചെന്ന് ഗസ ഭരിക്കാന്‍ രൂപീകരിച്ച കമ്മിറ്റിയുടെ മേധാവിയായ ഡോ. അലി ഷാത്ത്. ഫലസ്തീനെ സമൃദ്ധമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഡോ. അലി ഷാത്ത് പ്രസ്താവനയില്‍ പറഞ്ഞു. '' ഗസയില്‍ സുരക്ഷ ഉറപ്പുവരുത്തും. വൈദ്യുതി, കുടിവെള്ളം, ആരോഗ്യസംവിധാനം, വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കും.''-അദ്ദേഹം പറഞ്ഞു. സമാധാനത്തിലും ജനാധിപത്യത്തിലും നീതിയിലും അധിഷ്ഠിതമായ സംവിധാനം ഗസയില്‍ രൂപപ്പെടുത്തും. ഫലസ്തീന്റെ യഥാര്‍ത്ഥ സ്വയംനിര്‍ണയാവകാശം ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 20 ഇന പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഗസയില്‍ ഇസ്രായേല്‍ വംശഹത്യ അവസാനിപ്പിച്ചത്. ഈ പദ്ധതിക്ക് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അനുമതിയും നല്‍കി. യുഎന്‍ സുരക്ഷാ സമിതിയുടെ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഡോ. അലി ഷാത്തിന്റെ നേതൃത്വത്തിലുള്ള ഗസ ഭരണസമിതി രൂപീകരിച്ചത്. ഗസയിലെ ഖാന്‍ യൂനിസ് സ്വദേശിയായ ഡോ. അലി ഷാത്തിന്റെ കുടുംബത്തിന് ഫതഹ് പാര്‍ട്ടിയുമായി ബന്ധമുണ്ട്. സിവില്‍ എഞ്ചിനീയറിങ്ങില്‍ പിഎച്ച്ഡിയുള്ള ഡോ. അലി യുകെയിലെ ക്യൂന്‍സ് സര്‍വകലാശാലയില്‍ നിന്നും നഗരവകിസനത്തില്‍ പ്രത്യേക യോഗ്യതയും നേടി. വെസ്റ്റ്ബാങ്കിലെ ഫലസ്തീന്‍ അതോറിറ്റിയുടെ കീഴില്‍ നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ട്.