യെമനില്‍ യഥാര്‍ത്ഥത്തില്‍ യുദ്ധം നടത്തുന്നത് യുഎസ്; സൗദി-യുഎഇ തര്‍ക്കത്തെ കുറിച്ച് അന്‍സാറുല്ല നേതാവ്
സന്‍ആ: യെമനെ ചൊല്ലി യുഎഇയും സൗദി അറേബ്യയും തമ്മില്‍ അഭിപ്രായ വ്യത്യാസം ശക്തമായ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി അന്‍സാറുല്ല പ്രസ്ഥാനം. യെമനില്‍ യഥാര്‍ത്ഥത്തില്‍ യുദ്ധം നടത്തുന്നത് യുഎസ് ആണെന്ന് അന്‍സാറുല്ല രാഷ്ട്രീയകാര്യ സമിതി അംഗം അലി അല്‍ ഇമാദ് പറഞ്ഞു. ആഗോള സയണിസം യുഎസിലൂടെയും ഇസ്രായേലിലൂടെയും സൂക്ഷ്മമായി ആസൂത്രണം ചെയ്ത സംഘര്‍ഷമാണ് യെമനില്‍ നടക്കുന്നതെന്ന് അലി ഇല്‍ ഇമാദ് ചൂണ്ടിക്കാട്ടി. യുഎസും ഇസ്രായേലും അവരുടെ പ്രാദേശിക മുഖംമൂടികളായ സൗദിയേയും യുഎഇയേയും ഉപയോഗിക്കുകയാണ്. യെമനെ വിഭജിക്കുകയും അനന്തമായ യുദ്ധങ്ങളിലേക്ക് തള്ളിയിടുകയുമാണ് അവരുടെ ലക്ഷ്യം.
2019ല്‍ യെമനില്‍ നിന്ന് പിന്‍മാറിയെന്ന യുഎഇയുടെ അവകാശവാദം തെറ്റാണെന്നും അലി അല്‍ ഇമാദ് പറഞ്ഞു. യുഎഇയുടെ സൈനിക കമാന്‍ഡര്‍മാര്‍ നിഴല്‍ യുദ്ധം തുടര്‍ന്നു. അവര്‍ നിരവധി സായുധസംഘങ്ങള്‍ രൂപീകരിച്ചു. ഏഥനിലും മൊഖയിലും യുഎഇയെ നേരിട്ട് കാണാന്‍ സാധിക്കില്ലായിരുന്നു. പക്ഷേ, യുഎസ് പിന്തുണയോടെ അവര്‍ രഹസ്യമായി പ്രവര്‍ത്തിച്ചു. ഇത് അടുത്ത് സൗദി നടത്തിയ വ്യോമാക്രമണത്തില്‍ വ്യക്തമായിരുന്നല്ലോ. യുഎസിന്റെ അനുമതിയില്ലാതെ യുഎഇക്കും സൗദിക്കും യെമനില്‍ നിന്നും പിന്‍വാങ്ങാന്‍ കഴിയില്ല. യെമനിലെ തന്ത്രപ്രധാനമായ ദ്വീപുകളില്‍ യുഎസിന് സൈനികതാല്‍പര്യമുണ്ടെന്നതാണ് ഇതിന് കാരണമെന്നും അലി അല്‍ ഇമാദ് വിശദീകരിച്ചു.
ഫലസ്തീനിലെ ഗസയിലും യെമനിലും തങ്ങള്‍ക്ക് വലിയ പങ്കും സ്വാധീനവുമുണ്ടെന്നാണ് സൗദി അറേബ്യ കരുതുന്നത്. ഗസയിലെ യുദ്ധം നിര്‍ത്തുന്നതില്‍ തങ്ങള്‍ക്ക് വലിയ പങ്കുണ്ടായിരുന്നവെന്ന് അവര്‍ കരുതുന്നു. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങളില്‍ തങ്ങള്‍ക്ക് പ്രാധാന്യം വേണമെന്നും അവര്‍ ആഗ്രഹിക്കുന്നു. തങ്ങളാണ് പ്രദേശത്തിന്റെ പിതാവെന്നോ രാജ്യങ്ങളില്‍ മുതിര്‍ന്നതെന്നോ അവര്‍ കരുതുന്നുവെന്നും അലി അല്‍ ഇമാദ് പരിഹസിച്ചു.
സന്‍ആക്കെതിരേ ആരെങ്കിലും വെടിയുതിര്‍ത്താല്‍ അതിന് പിന്നില്‍ സൗദിയായിരിക്കുമെന്നാണ് അന്‍സാറുല്ല വിശ്വസിക്കുന്നതെന്നും അലി അല്‍ ഇമാദ് പറഞ്ഞു. അങ്ങനെയൊരു ആക്രമണമുണ്ടായാല്‍ സൗദി അതിന് പൂര്‍ണ വില നല്‍കേണ്ടി വരും. സമ്പൂര്‍ണ്ണ സൈനിക നടപടിക്ക് അന്‍സാറുല്ല തയ്യാറാണ്. എന്നാല്‍, രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്നാണ് ഞങ്ങളുടെ നിലപാട്. രാഷ്ട്രീയ പരിഹാരം സാധ്യമല്ലെങ്കില്‍ സൈനിക നടപടി സ്വീകരിക്കാം. യെമനിലെ ഒരു ബാങ്കിന് പകരം ബാങ്ക്, സന്‍ആ വിമാനത്താവളത്തിന് പകരം റിയാദ് വിമാനത്താവളം, തുറമുഖത്തിന് പകരം തുറമുഖം എന്നതായിരിക്കണം നടപടിയെന്ന് അന്‍സാറുല്ല പരമോന്നത നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി നിര്‍ദേശിച്ചിട്ടുണ്ടെന്നും അലി അല്‍ ഇമാദ് കൂട്ടിചേര്‍ത്തു.

