20 ലക്ഷം രൂപ ചെലവില്‍ സ്‌കൂള്‍ നിര്‍മിച്ച് മുസ്‌ലിം മധ്യവയസ്‌കന്‍; മദ്രസയുണ്ടെന്ന് ഹിന്ദുത്വരുടെ കിംവദന്തി; കെട്ടിടം പൊളിച്ച് അധികൃതര്‍
ഭോപ്പാല്‍: മധ്യപ്രദേശിലെ ബെതുല്‍ ജില്ലയിലെ ധാബ ഗ്രാമത്തില്‍ മുസ്‌ലിം വയോധികന്‍ 20 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച സ്‌കൂള്‍ കെട്ടിടം ജില്ലാ ഭരണകൂടം പൊളിച്ചു. സ്‌കൂളിന്റെ കൂടെ മദ്‌റസ കൂടിയുണ്ടെന്ന ഹിന്ദുത്വ പ്രചാരണത്തെ തുടര്‍ന്നാണ് നടപടി. ധാബ ഗ്രാമക്കാരനായ അബ്ദുല്‍ നഈമാണ് നഴ്‌സറി മുതല്‍ എട്ടാം ക്ലാസ് വരെ പഠിപ്പിക്കുന്ന സ്‌കൂള്‍ നിര്‍മിക്കാന്‍ മുന്നിട്ടിറങ്ങിയത്. മധ്യപ്രദേശ് സ്‌കൂള്‍ ബോര്‍ഡിന് കീഴില്‍ സ്‌കൂള്‍ പ്രവര്‍ത്തിപ്പിക്കാനായിരുന്നു തീരുമാനം. സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ 20 ലക്ഷം രൂപയാണ് ഇതിന് വേണ്ടി ചെലവാക്കിയത്.
ഏകദേശം രണ്ടായിരം പേര്‍ താമസിക്കുന്ന ഈ ഗ്രാമത്തില്‍ ആകെ മൂന്നു മുസ്‌ലിം കുടുംബങ്ങള്‍ മാത്രമാണുള്ളത്. ഗ്രാമത്തിലെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം ലക്ഷ്യമിട്ടായിരുന്നു അബ്ദുല്‍ നഈം സ്‌കൂളിന് വേണ്ടി പരിശ്രമിച്ചത്. കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായിരുന്നില്ല. പക്ഷേ, കെട്ടിടത്തില്‍ മദ്‌റസ പ്രവര്‍ത്തിക്കുന്നതായി ഏതാനും ദിവസം മുമ്പ് ഹിന്ദുത്വര്‍ പ്രചാരണം അഴിച്ചുവിട്ടു. ഇതോടെ കെട്ടിടം പൊളിക്കാന്‍ ജനുവരി പതിനൊന്നിന് പഞ്ചായത്ത് നോട്ടിസ് നല്‍കി. ഭൂമി തന്റേതാണെന്നും സ്‌കൂളിന് അനുമതി തേടി വിദ്യാഭ്യാസ വകുപ്പില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും നഈം പഞ്ചായത്തിനെ അറിയിച്ചു. എന്നാല്‍, കെട്ടിടം പൊളിക്കുമെന്ന നിലപാടില്‍ പഞ്ചായത്ത് ഉറച്ചുനിന്നു. ഗ്രാമവാസികള്‍ പ്രതിഷേധിച്ചതോടെ ജനുവരി 12ന് പഞ്ചായത്ത് തീരുമാനത്തില്‍ നിന്നും പിന്‍മാറി. മദ്‌റസയുണ്ടെന്ന പരാതി തനിക്ക് ലഭിച്ചിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാംരതി ബായ് കംഗലെ വെളിപ്പെടുത്തുകയുമുണ്ടായി. സ്‌കൂളിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ജനുവരി 13ന് ഗ്രാമീണര്‍ ജില്ലാ കലക്ടറെ കാണാന്‍ നഗരത്തിലേക്ക് പോയി. ആ സമയത്ത് ജില്ലാ ഭരണകൂടം ബുള്‍ഡോസറുകളുമായെത്തി കെട്ടിടം പൊളിച്ചു. വന്‍ പോലിസ് സംഘത്തിന്റെ അകമ്പടിയിലാണ് പൊളിക്കല്‍ നടപടികള്‍ നടന്നത്.
സംഭവത്തെ കുറിച്ച് നഈം പറയുന്നത് ഇങ്ങനെ
''5,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് ഞാന്‍ അപേക്ഷിച്ചിരുന്നു. എന്‍ഒസി ഇല്ലെന്നും അതിനാല്‍ കെട്ടിടം പൊളിക്കുമെന്നും പഞ്ചായത്തില്‍ നിന്ന് എന്നോട് പറഞ്ഞു. പഞ്ചായത്തിന്റെ എന്‍ഒസി ആവശ്യമാണെന്ന് എനിക്കറിയില്ലായിരുന്നു. അതിന് പിഴ അടക്കാന്‍ ഞാന്‍ തയ്യാറാണ്. അവര്‍ എന്‍ഒസിയും തന്നു. പക്ഷേ, കെട്ടിടം പൊളിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. നഴ്‌സറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള സ്‌കൂള്‍ തുറക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. സ്‌കൂളിനായി ഡിസംബര്‍ 30ന് മധ്യപ്രദേശ് വിദ്യാഭ്യാസ വകുപ്പില്‍ ഞാന്‍ അപേക്ഷിച്ചിരുന്നു. മദ്‌റസ തുറന്നു എന്നാണ് പറയുന്നത്. ഗ്രാമത്തില്‍ ആകെ മൂന്നു മുസ് ലിം കുടുംബങ്ങള്‍ മാത്രമേയുള്ളൂ. മദ്രറസയില്‍ ആരാണ് പഠിക്കുക?''
മതപരമായ ഒരു പ്രവര്‍ത്തനവും കെട്ടിടത്തില്‍ നടന്നില്ലെന്ന് ജയ് ആദിവാസി യുവശക്തി സംഘടനാ പ്രവര്‍ത്തകനായ സോനു പാന്‍സെ പറഞ്ഞു. ''ഗ്രാമീണരുടെ പിന്തുണയോടെയാണ് സ്‌കൂള്‍ നിര്‍മിക്കാന്‍ ശ്രമിച്ചത്. ചിലര്‍ കിംവദന്തികള്‍ പ്രചരിപ്പിച്ചു. അത് കണക്കിലെടുത്ത് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു.''
മധ്യപ്രദേശില്‍ ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളുള്ള 83,000 സ്‌കൂളുകള്‍ മാത്രമാണുള്ളത്. അതില്‍ നിരവധി എണ്ണത്തിനും സ്വന്തമായി കെട്ടിടമില്ല. പല സ്‌കൂളുകളും മരത്തിനടിയിലോ ഷെഡിനടിയിലോ ആണ് പ്രവര്‍ത്തിക്കുന്നത്. ഏകദേശം 2,000 സ്‌കൂളുകളില്‍ ആണ്‍കുട്ടികള്‍ക്ക് ടോയ്ലറ്റുകള്‍ ഇല്ല, 1700 സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് ടോയ്ലറ്റുകള്‍ ഇല്ല.

