കൊച്ചി: തിരഞ്ഞെടുപ്പുകാലത്ത് ട്രോളന്‍മാരുടെ ഇഷ്ട സ്ഥാനാര്‍ഥിയായിരുന്ന എല്‍ഡിഎഫിന്റെ മായ.വിയും തോറ്റു. കൂത്താട്ടുകുളം നഗരസഭയിലെ 26ാം ഡിവിഷന്‍ എടയാര്‍ വെസ്റ്റ് വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് മഴവില്‍ മനോരമയിലെ 'ഒരു ചിരി ഇരുചിരി ബംബര്‍ ചിരി'അടക്കമുള്ള ടിവി ഷോകളിലൂടെ പരിചിതയായ മായ.വി മല്‍സരിച്ചത്. ട്രോളന്‍മാര്‍ ഇഷ്ടപ്പെട്ടെങ്കിലും വാര്‍ഡിലെ ഭൂരിഭാഗം പേരും എതിര്‍ സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിലെ പി സി ഭാസ്‌കരനാണ് വോട്ട് നല്‍കിയത്.
അമ്മയുടെ പേരായ വാസന്തിയിലെ ആദ്യ അക്ഷരം തന്റെ പേരിനോട് ചേര്‍ത്താണ് മായ, മായ.വിയായത്. അങ്ങനെ 'മായാ വി' എന്നാക്കിയ പേരിനെ പ്രശസ്ത കോമിക് കഥാപാത്രമായ 'മായാവി'യോട് ഉപമിച്ച് നിരവധി ട്രോളുകള്‍ വന്നിരുന്നു. മമ്മൂട്ടി നായകനായെത്തിയ മായാവി സിനിമയിലെ ഡയലോഗുകളും ചിത്രങ്ങളും ഉപയോഗിച്ചുള്ള ട്രോളുകളും സമൂഹ മാധ്യമങ്ങളിലും വൈറലായിരുന്നു.