''യുഎസ് കേന്ദ്രീകൃത വ്യവസ്ഥ തിരിച്ചുവരില്ല'': കാനഡ; ദാവോസില്‍ യുഎസില്‍ നിന്ന് വേര്‍പിരിഞ്ഞ് പ്രധാന സഖ്യകക്ഷികള്‍

Update: 2026-01-21 09:56 GMT

ദാവോസ്: യുഎസ് കേന്ദ്രീകൃത ലോകവ്യവസ്ഥ ഇനി തിരികെവരില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. അതില്‍ ആരും ദുഖിക്കരുതെന്നും ഗൃഹാതുരത്വം കൊണ്ട് ഗുണമില്ലെന്നും സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ മാര്‍ക്ക് കാര്‍ണി പറഞ്ഞു. '' നമ്മള്‍ ഇപ്പോള്‍ മാറ്റത്തിന്റെ പാതയില്‍ അല്ല, മറിച്ച് വേര്‍പിരിയലിന്റെ പാതയിലാണ്. യുഎസ് കേന്ദ്രീകൃത വ്യവസ്ഥ കൊണ്ട് കാനഡയ്ക്ക് ഗുണമുണ്ടായിട്ടുണ്ട്. പക്ഷേ, അക്കാലം മാറി. ഇപ്പോള്‍ അവര്‍ നമ്മെ ഭീഷണിപ്പെടുത്തുകയാണ്. അവരുമായി സഹകരിച്ചാലൊന്നും സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയാത്ത കാലമാണ് ഇത്. മധ്യശക്തികളായ കാനഡ പോലുള്ളവര്‍ ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയണം. നാം ടേബിളില്‍ ഇരുന്നില്ലെങ്കില്‍ മെനുവിലെ ഐറ്റമായി മാറും.''-അദ്ദേഹം പറഞ്ഞു. സന്തോഷവാനായ സാമന്തനാകുക എന്നതും ദുരിതബാധിതനായ അടിമയാകുക എന്നതും വ്യത്യസ്തമായ കാര്യങ്ങളാണെന്നാണ് ബെല്‍ജിയന്‍ പ്രധാനമന്ത്രി ബാര്‍ട്ട് ഡി വെവര്‍ പറഞ്ഞു. ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ നിസഹകരിച്ചാല്‍ തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ നിലപാടിനെ കുറിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. '' നാറ്റോ സഖ്യകക്ഷിയുടെ ഭൂമി വേണമെന്നും അല്ലെങ്കില്‍ വ്യാപാരയുദ്ധം തുടങ്ങുമെന്നും ആരെങ്കിലും പറയുകയാണെങ്കില്‍ നാം വ്യാപാരയുദ്ധം തുടങ്ങണം.''-ബാര്‍ട്ട് ഡി വെവര്‍ കൂട്ടിചേര്‍ത്തു.

ട്രംപിന്റെ നടപടികള്‍ 1971ലെ നിക്‌സണ്‍ ഷോക്കിന് തുല്യമാണെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ പറഞ്ഞു. ലോകവിപണിയിലെ സ്വര്‍ണ സ്റ്റാന്‍ഡേര്‍ഡ് എടുത്തുമാറ്റിയ യുഎസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സന്റെ നടപടിയാണ് നിക്‌സണ്‍ ഷോക്ക് എന്ന് അറിയപ്പെടുന്നത്. യൂറോപ് യുഎസില്‍ നിന്നും സ്വതന്ത്രമാവണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഭൂമി പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് താരിഫുകള്‍ ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ചൈനയ്ക്ക് മേല്‍ സാമ്പത്തിക സമ്മര്‍ദ്ദം ഏല്‍പ്പിക്കാനുള്ള സാമ്പത്തിക നടപടികള്‍ യുഎസിന് മേലും അടിച്ചേല്‍പ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നിലവില്‍ യുഎസിനെതിരേ 9300 കോടി യൂറോയുടെ പ്രതികാര താരിഫ് ചുമത്തുന്നതും യൂറോപ്യന്‍ യൂണിയന്റെ പരിഗണനയിലുണ്ട്. ഗ്രീന്‍ലാന്‍ഡ് പിടിക്കുമെന്ന ട്രംപിന്റെ നിലപാട് ചുവപ്പുരേഖയുടെ ലംഘനമാണെന്നാണ് യൂറോപ്പ്യന്‍ നേതാക്കളുടെ നിലപാട്.