നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും
തിരുവനന്തപുരം: യുവനടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിലെ വിചാരണക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. കേസിലെ എട്ടാം പ്രതിയായിരുന്ന സിനിമാ നടന്‍ ദിലീപ് അടക്കമുള്ള നാലു പ്രതികളെ കുറ്റവിമുക്തരാക്കിയതിന് എതിരായും ശിക്ഷിക്കപ്പെട്ടവരുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അപ്പീല്‍ നല്‍കുക. കേസില്‍ ഗൂഡാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ കൊണ്ടുവന്ന ഡിജിറ്റല്‍ തെളിവുകള്‍ നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിചാരണക്കോടതി തള്ളിയെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിരീക്ഷണം. ക്രിസ്തുമസ് അവധിക്ക് ശേഷം കോടതി തുറക്കുന്നതോടെ അപ്പീല്‍ ഫയല്‍ ചെയ്യാനാണ് നിലവിലെ തീരുമാനം.