യുവനടിയെ തട്ടിക്കൊണ്ടുപോയത് പണത്തിനാവാമെന്ന് കോടതി

Update: 2025-12-14 05:04 GMT

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തിയത് പണം തട്ടാനാവാമെന്ന നിഗമനത്തില്‍ കോടതി. ഓടുന്ന വാഹനത്തില്‍ അതിജീവിത അതിക്രൂരമായ അതിക്രമത്തിന് ഇരയായി എന്നത് പൂര്‍ണമായും തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ അതിക്രമമൊക്കെ പ്രതികള്‍ നടത്തിയത് അതിജീവിതയെ ഭീഷണിപ്പെടുത്തി പണം തട്ടാനാണെന്ന നിഗമനത്തിലാണ് കോടതി എത്തിയിരിക്കുന്നത്. ചോദിക്കുന്ന പണം നല്‍കാം, ഉപദ്രവിക്കരുതെന്ന് അതിജീവിത തന്നെ സംഭവസമയത്ത് പ്രതികളോട് പറയുന്നുണ്ടെന്ന് ഉത്തരവിലുണ്ട്. അപ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തണമെന്ന ക്വട്ടേഷന്‍ ഉണ്ടെന്നാണ് പള്‍സര്‍ സുനി മറുപടി നല്‍കിയത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നതില്‍ പ്രോസിക്യൂഷനു വീഴ്ചയുണ്ടായി എന്ന് കോടതി കുറ്റപ്പെടുത്തുന്നുണ്ട് ഉത്തരവില്‍.

ദിലീപും അതിജീവിതയും തമ്മിലുള്ള ബന്ധം ഹൃദ്യമായിരുന്നില്ലെങ്കിലും അവരെ സിനിമാ മേഖലയില്‍ നിന്നുതന്നെ ഇല്ലാതാക്കാനുള്ള ശത്രുത ദിലീപിനുണ്ടായിരുന്നില്ലെന്നും കോടതി വിധി ചൂണ്ടിക്കാട്ടുന്നു. മഞ്ജു വാരിയരുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിനെ തുടര്‍ന്നുള്ള ദിലീപിന്റെ ശത്രുതയാണ് അതിജീവിതയെ തട്ടിക്കൊണ്ടുപോയി ദ്രോഹിച്ച് അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്താന്‍ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുക്കാന്‍ ഇടയാക്കിയതെന്ന പ്രോസിക്യൂഷന്റെ വാദം കോടതി തള്ളി. അതിജീവിത ഒരു അച്ചടിമാധ്യമത്തിനു നല്‍കിയ അഭിമുഖമാണ് ദിലീപിന് ശത്രുതയുള്ളതായി കാണിക്കാന്‍ പ്രോസിക്യൂഷന്‍ ഉയര്‍ത്തിക്കാട്ടിയത്. ദിലീപിനെ പള്‍സര്‍ സുനിയുമായി ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ഇല്ലെന്നും കോടതി പറഞ്ഞു.