കാട്ടില്‍ വീണ പന്തെടുക്കാന്‍ പോയ കുട്ടികള്‍ കണ്ടത് അസ്ഥിക്കൂടം; പോലിസ് അന്വേഷണം ആരംഭിച്ചു
കോട്ടയം: ആര്‍പ്പൂക്കര മെഡിക്കല്‍ കോളജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്തിനു സമീപമുള്ള കാട്ടില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ട് മൈതാനത്ത് ഫുട്‌ബോള്‍ കളിക്കുകയായിരുന്ന കുട്ടികള്‍ പന്ത് തിരയുന്നതിനിടെയാണ് അസ്ഥികള്‍ കണ്ടെടുത്തത്. ശനിയാഴ്ച രാവിലെയാണ് തലയോട്ടിയും അസ്ഥികളും മണ്ണിന്റെ സാംപിളും സമീപത്ത് കിടന്നിരുന്ന വെള്ളക്കുപ്പയും മറ്റ് അവശിഷ്ടങ്ങളും പോലിസ് ശേഖരിച്ചത്. അസ്ഥികളുടെ പഴക്കം, പുരുഷനോ സ്ത്രീയോ എന്നിവ സ്ഥിരീകരിക്കാന്‍ ഫോറന്‍സിക് പരിശോധന നടത്തുമെന്ന് ഗാന്ധിനഗര്‍ പോലിസ് അറിയിച്ചു. മാസങ്ങളോളം ശരീരാവശിഷ്ടങ്ങള്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ കിടന്നതില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. വളരെ തിരക്കുള്ള റോഡുകളും ജനത്തിരക്കുള്ള ബസ് സ്റ്റോപ്പും സമീപത്തുണ്ട്. ശരീരം അഴുകിയ മണം ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല.