തീവണ്ടിതട്ടി മരിച്ചയാളുടെ മൃതശരീരം തലയില്ലാതെ സംസ്‌കരിച്ചു; പിറ്റേന്ന് തല കണ്ടെത്തി
ചേര്‍ത്തല: വയലാര്‍ റെയില്‍വേ സ്റ്റേഷനുസമീപം തീവണ്ടിതട്ടി മരിച്ചയാളുടെ മൃതദേഹം ബന്ധുക്കള്‍ക്കു ലഭിച്ചത് തലയില്ലാതെ. സംസ്‌കാരം നടത്തിയതിനു പിറ്റേന്ന് പാളത്തിനു സമീപത്തുനിന്ന് തല കണ്ടെത്തി. ഈ തല പോലിസ് വീട്ടുകാര്‍ക്ക് കൈമാറിയതോടെ വീണ്ടും സംസ്‌കാരം നടത്തേണ്ടി വന്നു. വയലാര്‍ കളേഴത്ത് മേറിവില്ലയില്‍ കെ എം വിജയ(61)നെ ജനുവരി 10നു രാവിലെയാണ് റെയില്‍വേ സ്റ്റേഷനു സമീപം തീവണ്ടിതട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ചിതറിയ നിലയിലായിരുന്നു. പലയിടത്തുനിന്നായി ശേഖരിച്ച അവശിഷ്ടമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തി പട്ടണക്കാട് പോലിസ് ബന്ധുക്കള്‍ക്കു കൈമാറിയത്. അന്ന് തല കണ്ടെത്താനായിരുന്നില്ല. തിരിച്ചറിയാനാകാത്ത നിലയിലായിരുന്ന മൃതദേഹം ശനിയാഴ്ച കാവില്‍ സെയ്ന്റ് മൈക്കിള്‍സ് പള്ളിയില്‍ സംസ്‌കരിച്ചു.
ഞായറാഴ്ച രാവിലെ അപകടം നടന്നിടത്തുനിന്നു തെക്കുമാറി പാളത്തിനുസമീപം നാട്ടുകാര്‍ തല കണ്ടെത്തി. സംഭവമറിഞ്ഞ് പോലിസെത്തി പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു കൈമാറി. ഡിഎന്‍എ. പരിശോധനയ്ക്ക് സാംപിളുമെടുത്തു. തുടര്‍ന്ന് തല മാത്രമായി വീണ്ടും സെമിത്തേരിയില്‍ സംസ്‌കരിച്ചു. അപകടം നടന്നിടത്തു പരിശോധന നടത്തിയെങ്കിലും തല കണ്ടെത്താനായിരുന്നില്ലെന്നും ഇക്കാര്യം ബന്ധുക്കളെ ജനപ്രതിനിധി എം ജി നായരുടെ സാന്നിധ്യത്തില്‍ ബോധ്യപ്പെടുത്തിയാണ് മൃതദേഹം കൈമാറിയതെന്നും പോലിസ് അറിയിച്ചു.