വെസ്റ്റ് ബാങ്കില്‍ ഇസ്രായേലി സൈനികതാവളത്തിന് മുന്നില്‍ ജൂത കുടിയേറ്റക്കാരുടെ കലാപം
റാമല്ല: ഫലസ്തീനിലെ വെസ്റ്റ്ബാങ്കിലെ ഇസ്രായേലി സൈനികതാവളത്തിന് മുന്നില്‍ ജൂത കുടിയേറ്റക്കാരുടെ പ്രതിഷേധം. കഫ്ര്‍ മാലിക്ക് താവളത്തിലെ ബറ്റാലിയന്‍ കമാന്‍ഡര്‍ രാജ്യദ്രോഹിയാണെന്ന് ആരോപിച്ചാണ് കലാപം. കഴിഞ്ഞ ദിവസം ജൂത കുടിയേറ്റ സംഘവുമായി റിസര്‍വ് സൈന്യം ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേലി സൈനികതാവളത്തിന് മുന്നില്‍ ജൂത കുടിയേറ്റക്കാര്‍ എത്തിയത്. ചിലര്‍ സൈനികതാവളത്തിലേക്ക് കയറാനും ശ്രമിച്ചു. 14 വയസുള്ള ജൂത കുടിയേറ്റക്കാരനെ സൈന്യം വെടിവച്ചതായ് കുടിയേറ്റക്കാര്‍ പറയുന്നു. ജൂതന്‍മാര്‍ക്ക് വെടിയേറ്റതിനെ തുടര്‍ന്ന് ഇസ്രായേലി പാര്‍ലമെന്റായ നെസറ്റില്‍ വലിയ കോലാഹലങ്ങളുണ്ടായി. അതേസമയം, ഫലസ്തീനികളാണെന്ന് കരുതിയാണ് അക്രമികള്‍ക്ക് നേരെ വെടിവച്ചതെന്ന് ഇസ്രായേലി സൈനികര്‍ പറഞ്ഞു.
ഏറ്റുമുട്ടലുകള്‍ പാടില്ലെന്ന് ഇസ്രായേലി ധനകാര്യമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് പറഞ്ഞു. വെസ്റ്റ്ബാങ്കിലെ അധിനിവേശത്തിന്റെ ചുമതലയുള്ള മന്ത്രി കൂടിയാണ് സ്‌മോട്രിച്ച്. ജൂതന്‍മാര്‍ക്കെതിരെ വെടിവയ്ക്കല്‍ നിരോധിച്ച കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. '' ഇസ്രായേല്‍ സൈന്യവും കുടിയേറ്റക്കാരും ഒന്നാണ്. സൈനികര്‍ക്കെതിരേ കൈ ഉയര്‍ത്തുന്നവര്‍ കുടിയേറ്റത്തിന് എതിരെയാണ് കൈ ഉയര്‍ത്തുന്നത്. എന്നാലും ജൂതന്‍മാര്‍ക്കെതിരേ വെടിയുതിര്‍ക്കുന്നത് നിരോധിച്ച കാര്യമാണ്.''-സ്‌മോട്രിച്ച് പറഞ്ഞു.
മന്ത്രിമാരായ ഇറ്റാമര്‍ ബെന്‍ഗ്വിറിന്റെയും സ്‌മോട്രിച്ചിന്റെയും നിര്‍ദേശപ്രകാരമാണ് ജൂത കുടിയേറ്റക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് നെസെറ്റ് അംഗം ഗിലാദ് കാരിവ് ചൂണ്ടിക്കാട്ടി. ഫലസ്തീനികള്‍ക്കെതിരെ ജൂത കുടിയേറ്റക്കാര്‍ ആക്രമണം നടത്തുമ്പോള്‍ ഞെട്ടാത്തവര്‍ ഇപ്പോള്‍ ഞെട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഫ്ര്‍ മാലിക്ക് പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ രണ്ടു തവണയാണ് ജൂത കുടിയേറ്റക്കാരും ഇസ്രായേലി സൈന്യവും സംയുക്തമായി ഫലസ്തീനികളെ ആക്രമിച്ചത്. 50 ജൂത കുടിയേറ്റക്കാരും ഇസ്രായേലി സൈന്യവും ചേര്‍ന്ന് ബുധനാഴ്ച മൂന്നു ഫലസ്തീനികളെ കൊലപ്പെടുത്തി. നിരവധി വീടുകളും കാറുകളും അഗ്നിക്കിരയാക്കി. തിങ്കളാഴ്ച 13കാരനായ ഫല്‌സ്തീന്‍ ബാലന്‍ അമ്മാര്‍ ഹമായേലിനെ വെടിവച്ചു കൊന്നു. വിദേശത്ത് നിന്ന് എത്തുന്നത് അടക്കമുള്ള ജൂതന്‍മാരാണ് വെസ്റ്റ്ബാങ്കിലെ ഫലസ്തീനികളെ ആക്രമിച്ച് ഭൂമിയും വീടും തട്ടിയെടുക്കുന്നത്. 2025ല്‍ വെസ്റ്റ്ബാങ്കിനെ ഇസ്രായേലിന്റെ ഭാഗമാക്കുമെന്നാണ് പ്രഖ്യാപനം. ഇതിനായി കുടിയേറ്റക്കാരും സൈനികരും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴും ഇടക്ക് പരസ്പരം സംഘര്‍ഷമുണ്ടാവാറുണ്ട്.

