പാല നഗരസഭ 21 കാരി ഭരിക്കും; യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് പുളിക്കക്കണ്ടം കുടുംബം
പാലാ: പാലാ നഗരസഭയില്‍ ഏത് മുന്നണിയെ പിന്തുണയ്ക്കണമെന്ന് പുളിക്കക്കണ്ടം കുടുംബം തീരുമാനിച്ചു. യുഡിഎഫിനു പിന്തുണ നല്‍കാനാണ് തീരുമാനം. എല്‍ഡിഎഫിനും യുഡിഎഫിനും തനിച്ചു ഭരിക്കാന്‍ ഭൂരിപക്ഷമില്ലാത്ത പാലാ നഗരസഭയില്‍ മൂന്നു സ്വതന്ത്രര്‍ വിജയിച്ച പുളിക്കക്കണ്ടം കുടുംബത്തിന്റെ തീരുമാനം നിര്‍ണായകമായിരുന്നു. ബിനു പുളിക്കക്കണ്ടവും മകള്‍ ദിയയും സഹോദരന്‍ ബിജുവുമാണ് ഒരു കുടുംബത്തില്‍നിന്ന് സ്വതന്ത്രരായി മത്സരിച്ചു വിജയിച്ചത്. 26 അംഗ പാലാ നഗരസഭയില്‍ എല്‍ഡിഎഫ് 12, യുഡിഎഫ് 10 എന്നിങ്ങനെയാണ് കക്ഷിനില. വിജയിച്ച നാല് പേര്‍ സ്വതന്ത്രരായിരുന്നു. ആദ്യ രണ്ടുവര്‍ഷം 21 വയസുകാരിയായ ദിയ പുളിക്കക്കണ്ടത്തിനു ചെയര്‍പഴ്‌സന്‍ സ്ഥാനം നല്‍കിയാണ് യുഡിഎഫ് പിന്തുണ ഉറപ്പാക്കിയത്. കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ച മായ രാഹുലും യുഡിഎഫിനെ പിന്തുണയ്ക്കും. മായ വൈസ് ചെയര്‍പഴ്സനാവും. ഇതോടെ പാലാ നഗരസഭയുടെ ചരിത്രത്തില്‍ ആദ്യമായി കേരള കോണ്‍ഗ്രസ് (എം) പ്രതിപക്ഷ സ്ഥാനത്തെത്തി.