മഹാവിഷ്ണു ശില്‍പം തകര്‍ത്തതില്‍ വിശദീകരണവുമായി തായ്‌ലന്‍ഡ്

Update: 2025-12-26 02:11 GMT

ബാങ്കോക്ക്: സംഘര്‍ഷം തുടരുന്ന തായ്ലന്‍ഡ്-കംബോഡിയ അതിര്‍ത്തിയിലെ മഹാവിഷ്ണു ശില്‍പം പൊളിച്ചുമാറ്റിയതില്‍ വിശദീകരണവുമായി തായ്ലന്‍ഡ്. മതപരമായി പ്രാധാന്യമുള്ള സ്ഥലമല്ല ഇതെന്നും സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്നുമാണ് വിശദീകരണം. 2014-ല്‍ നിര്‍മിച്ച ശില്‍പമാണ് യന്ത്രസഹായത്തോടെ തായ് സൈനികര്‍ പൊളിച്ചുമാറ്റിയത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യ സര്‍ക്കാര്‍ ഇതില്‍ ആശങ്ക രേഖപ്പെടുത്തി. തായ്ലന്‍ഡിന്റെ അതിര്‍ത്തി പ്രദേശമായ ചോങ് അന്‍ മായിലാണ് ശില്‍പം സ്ഥാപിച്ചിരുന്നത്. പിന്നാലെ ഇതിനെ അതിര്‍ത്തിയുടെ അടയാളമായി കംബോഡിയന്‍ സൈന്യം വിശേഷിപ്പിച്ചു. ഇതൊഴിവാക്കി ഭൂമിയില്‍ പരമാധികാരം സ്ഥാപിക്കുന്നതിനു വേണ്ടിയാണ് ശില്‍പം പൊളിച്ചുമാറ്റിയതെന്നാണ് തായ്ലന്‍ഡിന്റെ അവകാശവാദം.