നബാത്തിയ (ലബ്‌നാന്‍): തെക്കന്‍ ലബ്‌നാനില്‍ അതിക്രമിച്ച് കയറി ഇസ്രായേലി സൈന്യത്തെ നേരിട്ട് ലബ്‌നാന്‍ സൈന്യം. മര്‍ജയൂന്‍ ജില്ലയിലെ മൈസ് അല്‍ ജബല്‍ പ്രദേശത്താണ് സംഭവം. ഇസ്രായേലി നുഴഞ്ഞുകയറ്റം അറിഞ്ഞതിനെ തുടര്‍ന്ന് ലബ്‌നാന്‍ സൈന്യം ടാങ്കുകളും മറ്റുമായി എത്തി. അതോടെ ഇസ്രായേലി സൈന്യം പിന്‍മാറി. ഒക്ടോബര്‍ 29ന് ബ്ലിദ പ്രദേശത്ത് ഇസ്രായേലി സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു മുന്‍സിപ്പാലിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ഇസ്രായേലി ആക്രമണങ്ങളെ നേരിടണമെന്ന് സൈന്യത്തിന് ലബ്‌നാന്‍ പ്രസിഡന്റ് ജോസഫ് ഔന്‍ നിര്‍ദേശം നല്‍കി. അതിന് പിന്നാലെയാണ് ലബ്‌നാന്‍ സൈന്യം ഇസ്രായേലി സൈന്യത്തെ നേരിടാന്‍ തീരുമാനിച്ചത്. അതേസമയം, ഖിയാം പ്രദേശത്ത് ഞായറാഴ്ച ഇസ്രായേലി സൈന്യം ഡ്രോണ്‍ ആക്രമണം നടത്തി. ഇസ്‌ലാമിക് ഹെല്‍ത്ത് അതോറിറ്റിയിലാണ് ആക്രമണം നടന്നത്. കൂടാതെ സെഫ്റ്റ് താഴ്‌വരയില്‍ ഒരു എക്‌സവേറ്റര്‍ ഇസ്രായേല്‍ മിസൈലിട്ട് തകര്‍ത്തു.