തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ പത്തുമാനുകള്‍ ചത്തു; തെരുവുനായ്ക്കള്‍ കൊന്നതെന്ന് സംശയം
തൃശ്ശൂര്‍: സുവോളജിക്കല്‍ പാര്‍ക്കില്‍ 10 പുള്ളിമാനുകളെ തെരുവുനായ്ക്കള്‍ ആക്രമിച്ചു കൊന്നതായി സംശയം. ചൊവ്വാഴ്ച രാവിലെയാണ് മാനുകളെ ചത്തനിലയില്‍ കണ്ടത്. തലേന്ന് രാത്രി നായക്കൂട്ടം ഇവയുടെ ആവാസകേന്ദ്രത്തില്‍ കടന്നുകയറിയെന്നാണ് സംശയം. സംഭവത്തില്‍ ജീവനക്കാരുടെ വീഴ്ചയുണ്ടെന്നാണ് പ്രാഥമിക നിഗമനം. വൈകുന്നേരം മാനുകളെ ക്രാളുകളിലേക്ക് തിരിച്ചു കയറ്റുകയാണ് പതിവ്. എന്നാല്‍ തിങ്കളാഴ്ച രാത്രി മാനുകളെ തിരിച്ചു കയറ്റിയിരുന്നില്ല. മാനുകള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടില്ലെന്ന് സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ബി എന്‍ നാഗരാജു പറഞ്ഞു. നായ്ക്കളെ കണ്ട് മാനുകള്‍ ഭയന്നോടി പരിക്കേറ്റ് ചത്തതാകാമെന്നും സംശയിക്കുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ കാരണം വ്യക്തമാകൂ.
സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ തെരുവുനായ്ക്കളുടെ സാന്നിധ്യം ഉണ്ട്. മാനുകളുടെ ആവാസയിടത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ട് തെരുവുനായ്ക്കളെ പിടികൂടി. കഴിഞ്ഞ ദിവസം ഒരു കേഴമാനിനേയും ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. പുള്ളിമാനുകള്‍ ചത്ത സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതി രൂപവത്കരിച്ചതായി വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. മന്ത്രി നിര്‍ദേശിച്ചതനുസരിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഇദ്ദേഹത്തിനു പുറമേ വനം വിജിലന്‍സ് വിഭാഗം സിസിഎഫ് ജോര്‍ജി പി മാത്തച്ചന്‍, ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സഖറിയ എന്നിവര്‍ അംഗങ്ങളായ സമിതിയെ നിയോഗിച്ചു. നാലുദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ടും രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കാനാണ് നിര്‍ദേശം.
