മുസ്‌ലിം വ്യക്തിനിയമപ്രകാരം ഖുല്‍അ് ചെയ്യുന്നതിന് മാര്‍ഗനിര്‍ദേശം ഇറക്കി തെലങ്കാന ഹെക്കോടതി
ഹൈദരാബാദ്: മുസ്‌ലിം വ്യക്തിനിയമപ്രകാരം ഖുല്‍അ് ചെയ്യുന്നതില്‍ മാര്‍ഗനിര്‍ദേശം ഇറക്കി തെലങ്കാന ഹെക്കോടതി. ഭര്‍ത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാന്‍ മുസ്ലിം സ്ത്രീയെ അനുവദിക്കുന്ന വിവാഹമോചന രീതിയാണ് ഖുല്‍അ്. ഭാര്യ, ഭര്‍ത്താവ്, മുസ്‌ലിം പണ്ഡിതര്‍/മുഫ്തികള്‍, കുടുംബ കോടതികള്‍ എന്നിവരുള്‍പ്പെടെ എല്ലാ കക്ഷികളും ഈ മാര്‍ഗരേഖ പരിഗണിക്കണമെന്ന് ജസ്റ്റിസുമാരായ മൗഷുമി ഭട്ടാചാര്യ, ബി ആര്‍ മധുസൂദനന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ വിധി പറയുന്നു.
1) വിശുദ്ധ ഖുര്‍ആനിലെ നാലാം അധ്യായത്തിലെ (അന്നിസാഅ്) 35ാം വാക്യത്തിലെ നിര്‍ദ്ദേശപ്രകാരം, ഖുല്‍അ് അനുവദിക്കുന്നതിന് മുമ്പ് അനുരഞ്ജന ശ്രമങ്ങള്‍ നടത്തിയിരിക്കണം.
അന്നിസാഅ് -35: '' ഇനി, അവര്‍ (ദമ്പതിമാര്‍) തമ്മില്‍ ഭിന്നിച്ച് പോകുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം അവന്റെ ആള്‍ക്കാരില്‍ നിന്ന് ഒരു മധ്യസ്ഥനെയും അവളുടെ ആള്‍ക്കാരില്‍ നിന്ന് ഒരു മധ്യസ്ഥനെയും നിങ്ങള്‍ നിയോഗിക്കുക. ഇരു വിഭാഗവും അനുരഞ്ജനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.''
2) ഖുല്‍അ്ല്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് വീറ്റോ അധികാരമില്ല. ഭര്‍ത്താവിന്റെ എതിര്‍പ്പുകള്‍ക്ക് ഖുല്‍അ് വഴി വിവാഹമോചനം നേടാനുള്ള ഭാര്യയുടെ അവകാശം ഇല്ലാതാക്കാനാവില്ല.
3) മുസ്‌ലിം പണ്ഡിതന്‍മാര്‍ക്കോ മുഫ്തിമാര്‍ക്കോ ഫത്‌വയോ ഖുല്‍അ്‌നാമയോ പുറപ്പെടുവിക്കാന്‍ കഴിയുമെങ്കിലും അതിന് നിയമപരമായ പരിരക്ഷയുണ്ടാവില്ല, അതിനെ ഉപദേശ സ്വഭാവത്തില്‍ മാത്രമേ കാണാനാവൂ.
4)ഖുല്‍അ്‌നാമയില്‍ വിയോജിപ്പുണ്ടെങ്കില്‍ ഭര്‍ത്താവിന് അതിനെ നിയമപരമായി നേരിടാം.
5) ഖുല്‍അ് വിവാഹമോചന കേസുകള്‍ കുടുംബകോടതികള്‍ സമയബന്ധിതമായി തീര്‍പ്പാക്കണം.
ഭര്‍ത്താവിന്റെ സമ്മതമില്ലാതെ ഖുല്‍അ് പ്രകാരം വിവാഹമോചനം നേടാന്‍ മുസ്ലിം സ്ത്രീക്ക് സമ്പൂര്‍ണ അവകാശമുണ്ടെന്ന മുന്‍ വിധിയിലാണ് കോടതി ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കിയത്. മുഫ്തിയില്‍ നിന്നോ ദാറുല്‍ ഖദായില്‍ നിന്നോ വിവാഹമോചന സര്‍ട്ടിഫിക്കറ്റ് പോലും മുസ്ലിം സ്ത്രീ വാങ്ങേണ്ടതില്ലെന്നും കോടതി പറഞ്ഞു. ഖുല്‍അ് ആവശ്യപ്പെടാനുള്ള സ്ത്രീയുടെ അവകാശം സമ്പൂര്‍ണമായതിനാല്‍ അതില്‍ ഒപ്പിടുക മാത്രമാണ് കോടതികള്‍ ചെയ്യേണ്ടത്. അത് ഇരുകക്ഷികള്‍ക്കും ബാധകമായിരിക്കുമെന്നും കോടതി വിശദീകരിച്ചു.
ഭാര്യ തന്നെ വിവാഹമോചനം ചെയ്തെന്ന് ആരോപിച്ച് മുന്‍ ഭര്‍ത്താവ് നല്‍കിയ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്. ഈ അപ്പീല്‍ ഹൈക്കോടതി തള്ളി. ഖുര്‍ആനില്‍ സ്ത്രീയുടെ വിവാഹമോചന അവകാശത്തെ കുറിച്ച് വ്യക്തമായി പറയുന്നതായും കോടതി ചൂണ്ടിക്കാട്ടി.
വിധി തെലങ്കാനയില്‍ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. മതപരമായ മധ്യസ്ഥതയെ അംഗീകരിക്കുന്ന ഹൈക്കോടതി വിധി വേഗത്തില്‍ ആശ്വാസ നടപടികള്‍ വേണമെന്ന മുസ്‌ലിം സ്ത്രീകളുടെ ആവശ്യത്തെയും അംഗീകരിക്കുന്നതായി കേസില്‍ കോടതിയില്‍ ഹാജരായ അഡ്വ. മുബാഷര്‍ ഹുസൈന്‍ അന്‍സാരി പറഞ്ഞു.

