16 വയസിന് താഴെയുള്ള കുട്ടികളെ രാത്രി 11 മുതല്‍ രാവിലെ 11 വരെ തീയ്യറ്ററുകളില്‍ പ്രവേശിപ്പിക്കരുത്: തെലങ്കാന ഹൈക്കോടതി
ഹൈദരാബാദ്: പതിനാറ് വയസിന് താഴെയുള്ള കുട്ടികള്‍ രാത്രി പതിനൊന്നുമണിക്ക് ശേഷം തീയ്യറ്ററുകളില്‍ സിനിമ കാണുന്നത് വിലക്കി തെലങ്കാന ഹൈക്കോടതി. മനശാസ്ത്രജ്ഞരുമായും മറ്റു വിദഗ്ദരുമായും കൂടിയാലോചന നടത്തിയ ശേഷമാണ് ഉത്തരവ്. രാവിലെ പതിനൊന്നു മണിക്ക് മുമ്പ് ഈ പ്രായത്തിലുള്ള കുട്ടികളെ തീയ്യറ്ററുകളില്‍ പ്രവേശിപ്പിക്കരുതെന്ന് ജസ്റ്റിസ് ബി വിജയ്‌സെന്‍ റെഡ്ഡിയുടെ ഉത്തരവ് പറയുന്നു. ഉത്തരവ് നടപ്പാക്കാന്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.
അര്‍ധരാത്രിയിലും രാവിലെയും കുട്ടികള്‍ തീയറ്ററില്‍ സിനിമ കാണുന്നത് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. അല്ലു അര്‍ജുന്‍ നായകനായ പുഷ്പ-2 സിനിമയുടെ റിലീസിനെ തുടര്‍ന്ന് ഹൈദരാബാദിലെ സന്ധ്യതീയറ്ററിലുണ്ടായ തിക്കുംതിരക്കിലും മരണം സംഭവിച്ചതിനെ തുടര്‍ന്ന് പാതിരാത്രി ഷോകള്‍ക്കെതിരേ വന്ന നാലു ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. രാത്രി ഒരു മണിക്കും രാവിലെ എട്ടു മണിക്കും ഇടയില്‍ ഷോകള്‍ പാടില്ലെന്ന് നേരത്തെ കോടതി ഉത്തരവിറക്കിയിരുന്നു. ഇക്കാര്യം നടപ്പാക്കുന്നതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹരജികള്‍ ഇനി ഫെബ്രുവരി 22ന് പരിഗണിക്കും.