ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് പിതാവിനെ രക്ഷിക്കാനെത്തിയ മുസ്‌ലിം പെണ്‍കുട്ടി കൊല്ലപ്പെട്ടു

Update: 2025-02-18 14:20 GMT

ഹൈദരാബാദ്: ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് പിതാവിനെ രക്ഷിക്കാനെത്തിയ പതിനഞ്ചുകാരി കൊല്ലപ്പെട്ടു. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ സഹീറാബാദില്‍ ഫെബ്രുവരി 11ന് നടന്ന ആക്രമണത്തിന് ഇരയായ മുഹമ്മദ് ഇസ്മായിലിന്റെ മകള്‍ ആലിയ ബീഗമാണ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചിരിക്കുന്നത്. പ്രദേശത്തെ ഒരു പാടത്ത് മുഹമ്മദ് ഇസ്മായില്‍ മൂത്രമൊഴിച്ചെന്ന് ആരോപിച്ച് പ്രദേശവാസികളായ വീര റെഡ്ഡിയും വിജയ് റെഡ്ഡിയും സംഘവും ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഏകദേശം 40 പേര്‍ അടങ്ങിയ സംഘമാണ് മുഹമ്മദ് ഇസ്മായിലിനെ ആക്രമിച്ചത്.

ഇതറിഞ്ഞ് പിതാവിനെ രക്ഷിക്കാനാണ് ആലിയ ബീഗം ഓടിയെത്തിയത്. വലിയ കല്ലുകള്‍ കൊണ്ട് ആള്‍ക്കൂട്ടം ആലിയയെയും ആക്രമിച്ചു. തുടര്‍ന്ന് ചികില്‍സയിലിരിക്കെ ഫെബ്രുവരി 15ന് ആലിയ മരിച്ചെന്ന് എഐഎംഐഎം എംഎല്‍എ കൗസര്‍ മുഹിയുദ്ദീന്‍ പറഞ്ഞു. വിഷയത്തില്‍ നിയമനടപടി ആവശ്യപ്പെട്ട് മുസ്‌ലിം സംഘടനകളും പൗരാവകാശ സംഘടനകളും രംഗത്തെത്തി. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൗസര്‍ മുഹിയുദ്ദീന്‍ സഹീറാബാദ് എസ്പിയെ കണ്ടു. ''ഇത് ഒരു കുടുംബത്തിനു നേരെയുള്ള ആക്രമണം മാത്രമല്ല മുഴുവന്‍ സമുദായത്തിനും നേരെയുള്ള ആക്രമണമാണ്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കും.'' -കൗസര്‍ മുഹിയുദ്ദീന്‍ കൂട്ടിചേര്‍ത്തു.

ആലിയയുടെ വീട്ടിലേക്ക് പോവുന്നതില്‍ നിന്ന് മജ്‌ലിസ് ബച്ചാവോ തഹ്‌രീക് (എംബിടി) വക്താവ് അംജദുല്ലാ ഖാന്‍ ഖാലിദിനെ പോലിസ് തടഞ്ഞതായും റിപോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ ഹൈക്കോടതി സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും അംജദുല്ലാ ഖാന്‍ ഖാലിദ് ആവശ്യപ്പെട്ടു.

മുഹമ്മദ് ഇസ്മായിലിന്റെ കുടുംബത്തിന് നിയമസഹായം നല്‍കുമെന്ന് ഓള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍ അറിയിച്ചു. തുടര്‍ന്ന് സംഘടനയുടെ നിര്‍ദേശപ്രകാരം അഭിഭാഷകരായ അഫ്‌സര്‍ ജഹാന്‍, സുജാത്, ഇമാദ് അലി, മുഹമ്മദ് സുബൈര്‍ എന്നിവര്‍ എസ്പിയെ കണ്ടു പരാതി നല്‍കി. നിയമപരമായ അവകാശങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ഒരുതരം നഷ്ടപരിഹാരവും സ്വീകരിക്കരുതെന്നും ഭീഷണികള്‍ക്ക് മുന്നില്‍ ഭയപ്പെടരുതെന്നും മുഹമ്മദ് ഇസ്മായിലിന്റെ കുടുംബത്തോട് പറഞ്ഞതായി അഡ്വ. അഫ്‌സര്‍ ജഹാന്‍ പറഞ്ഞു. ഈ സംഭവം പ്രദേശത്തെ സാമുദായിക സൗഹാര്‍ദ്ദത്തെ തകര്‍ത്തതായി പ്രദേശവാസികള്‍ പറയുന്നു. തെലങ്കാനയുടെ വിവിധഭാഗങ്ങളില്‍ ഹിന്ദുത്വരുടെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതായും റിപോര്‍ട്ടുകള്‍ പറയുന്നുണ്ട്.