മദ്‌റസയില്‍ കടുവ കയറിയെന്ന് എഐ വീഡിയോ; അധ്യാപകന് സസ്‌പെന്‍ഷന്‍

Update: 2025-08-03 11:24 GMT

കൊല്‍ക്കത്ത: മദ്‌റസ കാമ്പസില്‍ കടുവകള്‍ കയറിയെന്ന എഐ വീഡിയോ വിദ്യാര്‍ഥികള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. പശ്ചിമബംഗാളിലെ ബറസാത്തിലെ കഡംബാഗാച്ചിയിലെ ഉല കല്‍സാര ഖാദ്‌രിയ ഹൈ മദ്‌റസയില്‍ ബുധനാഴ്ചയാണ് സംഭവം. വിദ്യാര്‍ഥികളുടെ ഹാജര്‍ കുറഞ്ഞതിനെ തുടര്‍ന്ന് വീഡിയോ നിര്‍മിച്ച അധ്യാപകനെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു.

ജിയോഗ്രഫി പഠിപ്പിക്കുന്ന മുഹമ്മദ് യാമിന്‍ മാലിക്കാണ് വീഡിയോ നിര്‍മിച്ചത്. മൂന്നു കടുവകള്‍ മദ്‌റസ കാമ്പസില്‍ കറങ്ങി നടക്കുന്ന വീഡിയോയായിരുന്നു അത്. വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് കുട്ടികള്‍ മദ്‌റസയില്‍ എത്തിയില്ലെന്ന് പ്രധാന അധ്യാപകന്‍ മുനീറുല്‍ മാലിക് പറഞ്ഞു. നിരവധി രക്ഷിതാക്കള്‍ വിളിച്ച് കാര്യം അന്വേഷിക്കുകയും ചെയ്തു. ''ജിയോഗ്രഫി അധ്യാപകനാണ് വീഡിയോ നിര്‍മിച്ചത്. എന്തിനാണ് അത് ചെയ്തതെന്ന് അറിയില്ല. രക്ഷിതാക്കളുടെ ബന്ധപ്പെട്ടപ്പോള്‍ ഞങ്ങള്‍ അധ്യാപകനുമായി സംസാരിച്ചു. അപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ നിന്നും അത് ഡിലീറ്റ് ചെയ്യിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും.''-മുനീറുല്‍ മാലിക് പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ കാണുന്നതെല്ലാം യഥാര്‍ത്ഥമല്ലെന്ന് വിദ്യാര്‍ഥികളെ ബോധവാന്മാരാക്കുന്നതിനാണ് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വീഡിയോ നിര്‍മിച്ചതെന്ന് മുഹമ്മദ് യാമിന്‍ മാലിക്ക് പറഞ്ഞു. '' സിലബസിന് അപ്പുറമുള്ള കാര്യങ്ങളെ പഠനവുമായി കൂട്ടിയിണക്കാനാണ് ശ്രമിച്ചത്. അതുണ്ടാക്കിയ ആശങ്കയ്ക്ക് ഞാന്‍ ക്ഷമ ചോദിക്കുന്നു. മദ്‌റസയില്‍ കടുവയോ മറ്റു വന്യജീവികളോ ഇല്ല. വീഡിയോ ഡിലീറ്റ് ചെയ്തിട്ടുണ്ട്.''-അദ്ദേഹം വിശദീകരിച്ചു.