പോലിസിനെ വെട്ടിച്ചോടിയ ടിപ്പര്‍ലോറി സ്‌കൂട്ടറിലിടിച്ച് അധ്യാപിക മരിച്ചു;
മയ്യഴി: തലശ്ശേരി-മാഹി ബൈപ്പാസില്‍ ടിപ്പര്‍ലോറി സ്‌കൂട്ടറിലിടിച്ച് അധ്യാപിക മരിച്ചു. പള്ളൂര്‍ ഇരട്ടപ്പിലാക്കൂല്‍ നവധാര റോഡിലെ ഐശ്വര്യയില്‍ ഡോ. കെ ടി രമിത(40)യാണ് മരിച്ചത്. പാലയാട് സര്‍വകലാശാല കാമ്പസില്‍ ആന്ത്രപ്പോളജി വിഭാഗം ഗസ്റ്റ് ലക്ചററാണ് രമിത. ഇന്നലെ വൈകിട്ട് 5.30-ഓടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ബൈപ്പാസിലെ മേല്‍പ്പാലത്തിന് സമീപം ചെങ്കല്ല് കയറ്റിയ ടിപ്പര്‍ലോറി രമിതയുടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍നിന്ന് റോഡിലേക്ക് തെറിച്ചുവീണ രമിതയെ ഉടന്‍ മാഹി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സമീപത്തെ സര്‍വീസ് റോഡില്‍ മാഹി പോലിസ് ചെങ്കല്‍ലോറികള്‍ പരിശോധിക്കുന്നുണ്ടായിരുന്നു. പോലിസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ടിപ്പര്‍ലോറിയാണ് അപകടമുണ്ടാക്കിയത്.
രമിതയുടെ പിതാവ്: വിമുക്തഭടന്‍ പരേതനായ അന്തോളി തൂവക്കുന്ന് കുഞ്ഞിരാമന്‍. അമ്മ: കുണ്ടാഞ്ചേരി സൗമിനി. ഭര്‍ത്താവ്: ബിജുമോന്‍ (മാഹി ഐടി കമ്പനി ജീവനക്കാരന്‍). മക്കള്‍: അനീക, അന്‍താര (പള്ളൂര്‍ സെയ്ന്റ് തെരേസാസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍). മൃതദേഹം മാഹി ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.