മദ്യം നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന കേസ്; അധ്യാപകനെതിരേ കൂടുതല്‍ പരാതികള്‍

Update: 2026-01-09 03:54 GMT

പാലക്കാട്: മദ്യം നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ അധ്യാപകനെതിരേ കൂടുതല്‍ പരാതികള്‍. സ്‌കൂളിലെ സംസ്‌കൃത അധ്യാപകനായ അനിലിനെതിരേ അഞ്ചുകുട്ടികളാണ് പരാതി നല്‍കിയത്. ഈ പരാതികളില്‍ മലമ്പുഴ പോലിസ് കേസെടുത്തു. ആദ്യ കേസില്‍ റിമാന്‍ഡിലുള്ള അനിലിന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണ്. ചില കുട്ടികളെ അധ്യാപകന്‍ താമസിക്കുന്ന സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ചുവെന്ന് മൊഴികള്‍ പറയുന്നു.

നവംബര്‍ 29-ന് ആണ് ആദ്യ കേസിനാസ്പദമായ സംഭവം. അധ്യാപകന്‍ വിദ്യാര്‍ഥിയെ താമസസ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. വിവരം സ്‌കൂള്‍ അധികൃതര്‍ ഡിസംബര്‍ 18ന് അറിഞ്ഞിരുന്നെങ്കിലും ഇക്കാര്യം മറച്ചുവച്ചുവെന്നും ആരോപണമുണ്ട്. ഇതുകഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ട് ജനുവരി മൂന്നിന് സ്‌കൂള്‍ അധികൃതര്‍ മലമ്പുഴ പോലിസില്‍ പരാതി നല്‍കി. എന്നാല്‍, ഇതിന് മുന്‍പ് ഡിസംബര്‍ 24ന് സ്‌കൂള്‍ അധികൃതര്‍ പാലക്കാട് എഇഒയെ ഫോണില്‍ വിളിച്ച് അധ്യാപകന്‍ കുട്ടിയോട് അപമര്യാദയോടെ പെരുമാറിയെന്ന് പറഞ്ഞിരുന്നു. എന്നാല്‍, മദ്യം നല്‍കി പീഡിപ്പിച്ചെന്നോ മറ്റുവിവരങ്ങളോ പറഞ്ഞില്ലെന്നും വിഷയം പോക്‌സോ കേസിന്റെ പരിധിയില്‍ വരുന്നതാണെന്ന് അറിഞ്ഞില്ലെന്നും എഇഒ പറഞ്ഞിരുന്നു.