''മൂന്നു പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് അരലക്ഷം സമ്മാനം; ആണ്‍കുട്ടിയെങ്കില്‍ പശുവും സമ്മാനം'': ടിഡിപി എംപി

Update: 2025-03-09 15:54 GMT

അമരാവതി: മൂന്നാം കുഞ്ഞിന് ജന്മം നല്‍കുന്ന സ്ത്രീകള്‍ക്ക് അരലക്ഷം രൂപ സമ്മാനം നല്‍കുമെന്ന് ആന്ധ്രയിലെ വിജയനഗരത്തില്‍ നിന്നുള്ള ടിഡിപി എംപി കാലിസെറ്റി അപ്പള നായിഡു. ആണ്‍കുട്ടിക്ക് ജന്മം നല്‍കുന്നവ സ്ത്രീക്ക് സമ്മാനമായി പശുവിനെ നല്‍കുമെന്നും അപ്പള നായിഡു പ്രഖ്യാപിച്ചു. തന്റെ ശമ്പളത്തുകയില്‍ നിന്നായിരിക്കും സമ്മാനം നല്‍കുകയെന്നും അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ശനിയാഴ്ച വിജയ നഗരത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അപ്പള നായിഡുവിനെ അഭിനന്ദിച്ചു. ദക്ഷിണേന്ത്യയില്‍ പ്രായമേറിയവരുടെ എണ്ണം വര്‍ധിക്കുന്നുവെന്നാണ് ചന്ദ്രബാബു നായിഡു പറഞ്ഞു. സമീപ ഭാവിയില്‍ തന്നെ യുവാക്കളുടെ എണ്ണത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ യുപി, ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങള്‍ക്ക് പിന്നിലാവുമെന്നും അദ്ദേഹം പറഞ്ഞു.

കുടുംബാസൂത്രണമെന്ന ആശയത്തില്‍ നിന്ന് മാറുകയാണെന്ന് പ്രഖ്യാപിച്ച ചന്ദ്രബാബു നായിഡു രണ്ടില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു. രണ്ടില്‍ താഴെ കുട്ടികളുള്ളവരെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ടിഡിപി വിലക്കിയിരുന്നു. കുട്ടികളുടെ എണ്ണം കണക്കിലെടുക്കാതെ പ്രസവസമയത്ത് വനിതാ ജീവനക്കാര്‍ക്കെല്ലാം പ്രസവാവധി അനുവദിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ രണ്ട് തവണ മാത്രമേ പ്രസവാവധി നല്‍കുമായിരുന്നുള്ളു.