ദൊദോമ: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയുടെ പ്രസിഡന്റായി സാമിയ സുലുഹു ഹസന്‍ തുടരും. പൊതുതിരഞ്ഞെടുപ്പില്‍ 97.66 ശതമാനം വോട്ടുനേടിയാണ് സാമിയ അധികാരം നിലനിര്‍ത്തിയത്. അതേസമയം, തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. കഴിഞ്ഞ ദിവസം ടാന്‍സാനിയയില്‍ വലിയ പ്രതിഷേധം നടന്നു. വെള്ളിയാഴ്ചയോടെ ഏകദേശം 700 പേര്‍ പോലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടെന്ന് പ്രതിപക്ഷത്തെ വലതുപക്ഷ പാര്‍ട്ടിയായ ചാഡെമ ആരോപിക്കുന്നുണ്ട്. എന്നാല്‍, വിവിധ നഗരങ്ങളിലായി പത്തുപേര്‍ കൊല്ലപ്പെട്ടെന്ന് യുഎന്‍ മനുഷ്യാവകാശ ഓഫിസ് അറിയിച്ചു.
1960ല്‍ സാന്‍സിബാര്‍ സുല്‍ത്താനേറ്റില്‍ ജനിച്ച സാമിയ 2000ത്തിലാണ് രാഷ്ട്രീയത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കി തുടങ്ങിയത്. ടാന്‍സാനിയന്‍ പ്രസിഡന്റായ ജോണ്‍ മഗുഫുലി മരിച്ചതിനെ തുടര്‍ന്ന് 2021ല്‍ പ്രസിഡന്റ് സ്ഥാനത്തെത്തി. ടാന്‍സാനിയയുടെ ആദ്യ വനിതാ പ്രസിഡന്റും രണ്ടാം സാന്‍സിബാരി പ്രസിഡന്റുമാണ് സാമിയ.