താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ മുംബൈയില്‍ എത്തി

Update: 2025-03-06 15:36 GMT

കോഴിക്കോട്: മലപ്പുറം താനൂരില്‍നിന്നു കാണാതായ പെണ്‍കുട്ടികള്‍ മുംബൈയില്‍ എത്തി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് പെണ്‍കുട്ടികള്‍ തിരൂരില്‍നിന്നു ട്രെയിന്‍ മാര്‍ഗമാണ് പോയത്. എടവണ്ണ സ്വദേശിയായ ഒരു യുവാവും ഇവര്‍ക്കൊപ്പം മുംബൈയിലേക്ക് പോയതായി പോലിസിന് സൂചന ലഭിച്ചു.പെണ്‍കുട്ടികള്‍ മുംബൈയിലെ ഒരു സലൂണില്‍ പോയി മുടി വെട്ടിയതായുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.പെണ്‍കുട്ടികളുടെ കൈയില്‍ ആവശ്യത്തിന് പണമുണ്ടെന്ന് സലൂണ്‍ ജീവനക്കാരി പറഞ്ഞു.

താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനികളായ അശ്വതി, ഫാത്തിമ ഷഹ്ദ എന്നിവരെ ബുധനാഴ്ച പരീക്ഷയ്ക്കായി വീട്ടില്‍നിന്നു സ്‌കൂളിലേക്കു പോയ ശേഷം കാണാതാവുകയായിരുന്നു. ഇരുവരും പരീക്ഷയ്ക്കു ഹാജരാകാതിരുന്ന വിവരം അധ്യാപകര്‍ വീട്ടുകാരെ അറിയിച്ചിരുന്നു. പിന്നാലെയാണ് താനൂര്‍ പോലിസില്‍ പരാതി നല്‍കിയത്. ബുധനാഴ്ച ഉച്ചയ്ക്കു രണ്ടുമണിയോടെയാണ് പെണ്‍കുട്ടികളുടെ മൊബൈല്‍ഫോണ്‍ അവസാനമായി ഓണ്‍ ആയത്. അവസാന ടവര്‍ ലൊക്കേഷന്‍ കോഴിക്കോടായിരുന്നു.


ബുധനാഴ്ച ഉച്ചയോടെ പെണ്‍കുട്ടികള്‍ തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിരുന്നു. സ്‌കൂള്‍ യൂണിഫോം മാറിയ വിദ്യാര്‍ഥിനികളെ മറ്റൊരു വസ്ത്രം ധരിച്ച നിലയിലാണ് കണ്ടത്. എടവണ്ണ സ്വദേശിയുടെ പേരിലുള്ള സിംകാര്‍ഡില്‍നിന്നു കാണാതാകുന്നതിനു മുന്‍പ് രണ്ട് പെണ്‍കുട്ടികളുടെയും മൊബൈല്‍ഫോണുകളിലേക്ക് കോള്‍ വന്നതായി പോലിസ് പറയുന്നുണ്ട്. 

മൂവരും നേത്രാവതി എക്‌സ്പ്രസ്സിലാണ് പന്‍വേലില്‍ എത്തിയത്. അവിടെനിന്ന് സബര്‍ബന്‍ ട്രെയിനില്‍ സിഎസ്ടി റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തി. പിന്നീട് പെണ്‍കുട്ടികളുമായി പിരിഞ്ഞെന്ന് യുവാവ് അറിയിച്ചു. പെണ്‍കുട്ടികളെ തനിക്ക് ഇന്‍സ്റ്റഗ്രാം വഴി പരിചയമുണ്ടെന്നാണ് യുവാവ് അറിയിച്ചത്. താന്‍ കോഴിക്കോട് നിന്നാണ് കയറിയത്. ട്രെയിനില്‍ നിന്ന് യാദൃശ്ചികമായി കണ്ടെന്ന മട്ടിലാണ് യുവാവിന്റെ പ്രതികരണം. മുംബൈയില്‍ ഇയാള്‍ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.