താനൂരില്‍ നിന്നു കാണാതായ വിദ്യാര്‍ഥിനികളെ ഇന്ന് നാട്ടിലെത്തിക്കും

Update: 2025-03-08 00:49 GMT

മലപ്പുറം: താനൂരില്‍നിന്നു കാണാതായ രണ്ടു പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെ മുംബൈയില്‍നിന്ന് ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കുമെന്നു ജില്ലാ പോലിസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു. താനൂരില്‍നിന്നുള്ള പോലിസ് സംഘം പെണ്‍കുട്ടികളെയും കൂട്ടി ഇന്നലെ വൈകിട്ട് ആറോടെ ഗരീബ്‌രഥ് എക്‌സ്പ്രസില്‍ പന്‍വേലില്‍നിന്നു യാത്രതിരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12ന് തിരൂരില്‍ എത്തും. കോടതിയില്‍ ഹാജരാക്കിയശേഷം കുട്ടികളുടെ വിശദമായ മൊഴിയെടുക്കും. കൗണ്‍സലിങ്ങും നല്‍കും. പെണ്‍കുട്ടികളോടൊപ്പമുണ്ടായിരുന്ന എടവണ്ണ സ്വദേശിയായ യുവാവിനെയും നാട്ടിലെത്തിച്ചു മൊഴിയെടുക്കും. ഒപ്പം പോയ ഇയാള്‍ യാത്രയ്ക്കു സഹായം നല്‍കിയതായാണു കരുതുന്നത്. ഇയാളെ പെണ്‍കുട്ടികള്‍ എങ്ങനെ പരിചയപ്പെട്ടു എന്നതു സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്.