താനൂരിലെ പെണ്‍കുട്ടികളെ മുംബൈയില്‍ കണ്ടെത്തി; ഇന്ന് കേരളാ പോലിസിന് കൈമാറും
മുംബൈ: മലപ്പുറം താനൂരില്‍നിന്നു കാണാതായ രണ്ടു പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെ മുംബൈയില്‍ കണ്ടെത്തി. മുംബൈയില്‍ നിന്നുള്ള ട്രെയിന്‍ യാത്രയ്ക്കിടെ ലോണാവാലയിലാണ് ഇവരെ കണ്ടെത്തിയത്. സിഎസ്എംടിയില്‍ നിന്ന് ചെന്നൈ എഗ്‌മോര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരെ റെയില്‍വേ പോലിസ് ആണ് കണ്ടത്. കേരള പോലിസ് കൈമാറിയ ഫോട്ടോയില്‍ നിന്നാണ് കുട്ടികളെ തിരിച്ചറിഞ്ഞത്. കുട്ടികള്‍ സുരക്ഷിതരാണെന്നും അവരെ പൂനെ ആര്‍പിഎഫ് ഓഫിസിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നും പോലിസ് അറിയിച്ചു. പൂനെയില്‍ നിന്ന് കേരളാ പോലിസിന് ഇവരെ കൊണ്ടുപോവാം.
ബുധനാഴ്ച ഉച്ചയ്ക്കു 12നാണു താനൂര്‍ മേഖലയിലെ സ്‌കൂളിന്റെ പരിസരത്തുനിന്ന് കുട്ടികളെ കാണാതായത്. പഠനത്തില്‍ സവിശേഷ സഹായം ആവശ്യമുള്ള ഇരുവരും സ്‌െ്രെകബിന്റെ സഹായത്തോടെയാണു പരീക്ഷയെഴുതുന്നത്. പരീക്ഷയ്ക്കു പോകുന്നെന്നു പറഞ്ഞു വീട്ടില്‍നിന്നിറങ്ങിയ ഇരുവരും സ്‌കൂളില്‍ എത്തിയില്ല. സ്‌കൂള്‍ അധികൃതര്‍ വീട്ടിലേക്കു വിളിച്ചപ്പോഴാണു കാണാതായ വിവരമറിയുന്നത്.
കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു പോലിസ് അന്വേഷണം തുടരുന്നതിനിടെ, മുംബൈ ഛത്രപതി ശിവാജി ടെര്‍മിനസിനു സമീപമുള്ള മലയാളിയുടെ സലൂണില്‍ ഇവര്‍ എത്തിയതായി കണ്ടെത്തിയിരുന്നു. സലൂണില്‍ എത്തിയ ഇരുവരും മുടിവെട്ടാനും ഷാംപു ചെയ്യാനുമായി ഏറെ സമയം അവിടെ ചെലവഴിച്ചു.
