രാത്രിയില്‍ എലിവിഷത്തിന് ഓര്‍ഡര്‍; യുവതിയെ ആത്മഹത്യയില്‍ നിന്നും രക്ഷിച്ച് ഡെലിവറി ഏജന്റ്
ചെന്നൈ: ആത്മഹത്യ ചെയ്യാന്‍ എലിവിഷം ഓര്‍ഡര്‍ ചെയ്ത യുവതിയെ ഡെലിവറി ഏജന്റ് രക്ഷിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് യുവതി ബ്ലിങ്കിറ്റില്‍ മൂന്നു പാക്കറ്റ് എലി വിഷം ഓര്‍ഡര്‍ ചെയ്തത്. ഇതോടെ ഓര്‍ഡറുമായി ഡെലിവെറി ഏജന്റ് യുവതിയുടെ വീട്ടിലെത്തി. ഓര്‍ഡര്‍ സ്വീകരിക്കാന്‍ വാതില്‍ തുറന്ന യുവതി കരയുന്നതാണ് ഡെലിവറി ഏജന്റ് കണ്ടത്. അതോടെ അവരോട് സൗമ്യമായി സംസാരിക്കുകയും മാനസികാവസ്ഥ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഹാനികരമായ ഉദ്ദേശ്യങ്ങള്‍ യുവതി നിഷേധിച്ചെങ്കിലും ഡെലിവറി ഏജന്റ് തന്റെ ആശങ്കകള്‍ പങ്കുവെച്ചു. കുറേ നേരം അവിടെനിന്ന അയാള്‍ അനുകമ്പയോടെ സംസാരിച്ചു. ജീവിതം വിലപ്പെട്ടതാണെന്നും വിഷമഘട്ടങ്ങള്‍ കടന്നുപോകുമെന്നും ഓര്‍മ്മിപ്പിച്ചു. ഈ സംസാരത്തെ തുടര്‍ന്ന് തീരുമാനത്തില്‍നിന്ന് യുവതി പിന്‍വാങ്ങി. ഓര്‍ഡര്‍ റദ്ദാക്കി എലിവിഷം തിരികെ കൊണ്ടുപോയി. ഡെലിവറി ഏജന്റ് തന്നെയാണ് ഈ സംഭവം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
'ആകെ മൂന്ന് പാക്കറ്റ് എലിവിഷം. അവര്‍ എന്തു ചിന്തിച്ചാണ് ഇത് ഓര്‍ഡര്‍ ചെയ്തതെന്ന് എനിക്കറിയില്ല. പക്ഷെ അവര്‍ കരയുന്നത് കണ്ടപ്പോള്‍, അവര്‍ക്ക് എന്തോ പ്രശ്നമുണ്ടെന്നും എന്തോ കാര്യത്തിനാണ് ഇത് ഓര്‍ഡര്‍ ചെയ്തതെന്നും ഞാന്‍ കരുതി. പക്ഷെ ഉപഭോക്താവിന്റെ ലൊക്കേഷനില്‍ എത്തിയപ്പോള്‍, എനിക്കിത് കൈമാറാന്‍ കഴിഞ്ഞില്ല. അവര്‍ കരഞ്ഞുകൊണ്ടിരുന്നു. അപ്പോള്‍ ഞാന്‍ അടുത്തേക്ക് ചെന്ന് 'എന്തു പ്രശ്നമുണ്ടെങ്കിലും ആത്മഹത്യ ചെയ്യരുത്' എന്ന് പറഞ്ഞു, 'ആത്മഹത്യ ചെയ്യാനാണോ ഇത് ഓര്‍ഡര്‍ ചെയ്തത്?' എന്ന് ചോദിച്ചു. അവള്‍ മറുപടി പറഞ്ഞത്, 'ഇല്ല ബ്രോ, അങ്ങനെയല്ല' എന്നാണ്. ഞാന്‍ പറഞ്ഞു, 'ഇല്ല, കളവ് പറയരുത്. നിങ്ങള്‍ക്ക് ആത്മഹത്യ ചെയ്യണം. നിങ്ങള്‍ക്ക് എലി ശല്യമുണ്ടായിരുന്നെങ്കില്‍ ഒരു ഏഴ് മണിക്ക്, അല്ലെങ്കില്‍ അതിന് മുന്‍പ് ഓര്‍ഡര്‍ ചെയ്യാമായിരുന്നു. അടുത്ത ദിവസവും ആവാമായിരുന്നു. ഈ സമയത്ത് ഓര്‍ഡര്‍ ചെയ്യാന്‍ മറ്റൊരു കാരണവുമില്ല.' പിന്നീട്, ഞാന്‍ അവരെ ബോധ്യപ്പെടുത്തി ഓര്‍ഡര്‍ റദ്ദാക്കി. ഞാന്‍ എന്തോ വലിയ കാര്യം ഇന്ന് ചെയ്തായി തോന്നുന്നു.-ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഡെലിവറി ഏജന്റ് പറഞ്ഞു.
