എസ്‌ഐആറിനെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്ന് തമിഴ്‌നാട്ടിലെ പാര്‍ട്ടികള്‍

Update: 2025-11-02 14:23 GMT

ചെന്നൈ: വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിനെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം. എസ്‌ഐആര്‍ നടപടി ഉടന്‍ നിര്‍ത്തിവെക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്ന പ്രമേയം സര്‍വകക്ഷിയോഗം പാസാക്കി. നടപടി നിര്‍ത്തിവെക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടാല്‍ എല്ലാ പാര്‍ട്ടികളും സംയുക്തമായി സുപ്രിംകോടതിയെ സമീപിക്കാനും യോഗം ഏകകണ്ഠമായി തീരുമാനിച്ചു. 64 പാര്‍ട്ടികളെ സര്‍വകക്ഷിയോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. 46 പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്. പ്രധാന പ്രതിപക്ഷ കക്ഷികളായ എഐഎഡിഎംകെയെയും ബിജെപിയെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. എസ്‌ഐആറില്‍ സുപ്രീം കോടതിയുടെ അന്തിമവിധി വരാനിരിക്കെ, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒക്ടോബര്‍ 27ലെ വിജ്ഞാപനത്തിലൂടെ തമിഴ്നാടിനായി പ്രഖ്യാപിച്ച വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന പൂര്‍ണ്ണമായും ജനാധിപത്യ വിരുദ്ധവും തമിഴ്നാട്ടിലെ ജനങ്ങളുടെ വോട്ടവകാശത്തിന് നേരെയുള്ള നേരിട്ടുള്ള കടന്നാക്രമണവുമാണെന്ന് പ്രമേയത്തില്‍ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനിലുള്ള വിശ്വാസം നഷ്ടപ്പെട്ടന്ന് എംഎന്‍എം നേതാവ് കമല്‍ഹാസന്‍ പറഞ്ഞു. 'എസ്‌ഐആര്‍ നടപടിയിലെ പിഴവുകള്‍ തിരുത്തണം. തിരഞ്ഞെടുപ്പ് കമ്മീഷനിലുള്ള അവിശ്വാസം ജനാധിപത്യത്തിന് ഭീഷണിയാണ്. തങ്ങളുടെ നിഷ്പക്ഷത തെളിയിക്കേണ്ട ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. എസ്‌ഐആര്‍ തിടുക്കത്തില്‍ നടപ്പാക്കരുത്. 2026-ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ നടത്താവൂ.' അദ്ദേഹം പറഞ്ഞു.