തലശേരിയില്‍ കണ്ടെത്തിയ അസ്ഥികള്‍ തമിഴ്‌നാട് സ്വദേശിനിയുടേതെന്ന് സംശയം; ഭര്‍ത്താവിനെ ചോദ്യം ചെയ്യുന്നു
തലശ്ശേരി: നഗരത്തിലെ പണിപൂര്‍ത്തിയാവാത്ത കെട്ടിടത്തില്‍ കണ്ടെത്തിയ അസ്ഥിഭാഗങ്ങള്‍ നേരത്തെ കാണാതായ തമിഴ്‌നാട് സ്വദേശിനി ധനകോടി(73)യുടേതെന്ന് നിഗമനം. അന്വേഷണത്തിന്റെ ഭാഗമായി ധനകോടിയുടെ ഭര്‍ത്താവ് അമ്പായിരത്തെ (77) പോലിസ് ചോദ്യം ചെയ്യുകയാണ്. വെള്ളിയാഴ്ച വൈകീട്ടാണ് ജൂബിലി റോഡ് കാന്തലാട്ട് പള്ളിക്ക് സമീപത്തെ പണി തീരാത്ത പഴയ കെട്ടിടത്തിന്റെ ലിഫ്റ്റ്കുഴിയില്‍നിന്ന് തലയോട്ടി കണ്ടെത്തിയത്. തുടര്‍ന്ന് ശനിയാഴ്ച ഉന്നത ഉദ്യോഗസ്ഥരും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ മുഴുവന്‍ അസ്ഥിഭാഗങ്ങളും കണ്ടെടുത്തു. ആറുമാസത്തോളം പഴക്കമുള്ളതാണ് അസ്ഥികളെന്ന് സംശയിക്കുന്നു. അമ്പായിരവും ധനകോടിയും ആക്രിവില്പനക്കാരാണ്. 30 വര്‍ഷമായി ഇവര്‍ കേരളത്തിലാണ്. പലേടത്തായി താമസിച്ചിരുന്ന ഇവര്‍ അടുത്തകാലത്തായി പഴയങ്ങാടി പ്രതിഭാ ടാക്കീസിന് സമീപത്തായിരുന്നു താമസം.
തമിഴ്‌നാട്ടിലുള്ള മക്കള്‍ അമ്മയെക്കുറിച്ച് തിരക്കുമ്പോള്‍ നാട്ടിലേക്ക് വിട്ടിട്ടുണ്ട് എന്ന മറുപടികളാണ് അമ്പായിരം നല്‍കിയിരുന്നത്. വെള്ളിയാഴ്ച മക്കളെല്ലാവരും ചേര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് തലശ്ശേരിയിലെ കെട്ടിടത്തിലുണ്ടെന്ന വിവരം വെളിപ്പെടുത്തിയത്. ഉടന്‍ മക്കള്‍ അമ്പായിരത്തെയും കൂട്ടി സ്ഥലത്തെത്തുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ധനകോടി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളം മറ്റും സംഭവസ്ഥലത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്. ഇത് അമ്മയുടെതാണെന്നും മക്കളും സ്ഥിരീകരിച്ചു.