പോലിസുകാരെ ആക്രമിച്ച സിപിഎമ്മുകാര്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ അപേക്ഷ തള്ളി; ഇതില്‍ എന്താണ് പൊതുതാല്‍പര്യമെന്ന് കോടതി

Update: 2025-11-26 11:03 GMT

കണ്ണൂര്‍: സിപിഎമ്മുകാര്‍ പോലിസുകാരെ ആക്രമിച്ചെന്ന കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കം തടഞ്ഞ് കോടതി. 2015ല്‍ പയ്യന്നൂര്‍ രാമന്തളിയില്‍ സിപിഎം പ്രവര്‍ത്തകര്‍ എസ്‌ഐ ഉള്‍പ്പെടെയുള്ള പോലിസുകാരെ ആക്രമിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്തുവെന്ന കേസ് പിന്‍വലിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ അപേക്ഷയാണ് തളിപ്പറമ്പ് സെഷന്‍സ് കോടതി തള്ളിയത്. എന്തു പൊതുതാല്‍പര്യമാണ് കേസ് റദ്ദാക്കണമെന്ന ആവശ്യത്തിലുള്ളതെന്ന് ജഡ്ജി കെ എന്‍ പ്രശാന്ത് ചോദിച്ചു. പ്രതികള്‍ വിചാരണ നേരിടണമെന്നും കോടതി നിര്‍ദേശിച്ചു. 13 സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.

എസ്ഡിപിഐ പ്രവര്‍ത്തകരെ ആക്രമിച്ചതിന് പിന്നാലെയാണ് 2015ല്‍ സിപിഎമ്മുകാര്‍ പട്രോളിങ് നടത്തുകയായിരുന്ന പോലിസുകാരെയും ആക്രമിച്ചത്. എസ്‌ഐ ആയിരുന്ന കെ പി ഷൈന്‍ ഉള്‍പ്പെടെയുള്ളവരുടെ വാഹനം തടഞ്ഞ് വടിവാള്‍ കൊണ്ടാണ് ആക്രമിച്ചത്. സംഘര്‍ഷത്തില്‍ നിരവധി പോലിസുകാര്‍ക്ക് പരിക്കേറ്റിരുന്നു.