തടവുകാരെ കൈമാറാന്‍ യുഎസ്-അഫ്ഗാനിസ്ഥാന്‍ ധാരണ

Update: 2025-09-13 16:01 GMT

കാബൂള്‍: തടവുകാരെ കൈമാറാന്‍ യുഎസും അഫ്ഗാനിസ്ഥാനും തമ്മില്‍ ധാരണയായി. അഫ്ഗാനിസ്ഥാനില്‍ തടവിലുള്ള യുഎസ് പൗരന്‍മാരെയും ഗ്വാണ്ടനാമോയില്‍ യുഎസ് തടവിലാക്കിയ അഫ്ഗാന്‍ പൗരന്‍മാരെയുമാണ് മോചിപ്പിക്കുകയെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി അബ്ദുല്‍ ഘനി ബര്‍ദാര്‍ അറിയിച്ചു. എന്നാല്‍, 2022ല്‍ കാണാതായ യുഎസ് പൗരനും ബിസിനസുകാരനുമായ മഹ്മൂദ് ഹബീബി ഈ കരാറിന്റെ ഭാഗമാവുമോ എന്ന് വ്യക്തമല്ല. മഹ്മൂദ് ഹബീബി തങ്ങളുടെ കൈവശമില്ലെന്നാണ് അഫ്ഗാന്‍ സര്‍ക്കാരിനെ താലിബാന്‍ അറിയിച്ചിരിക്കുന്നത്. അതേസമയം, അമേരിക്കന്‍ എയര്‍ലൈന്‍ മെക്കാനിക്കായ ജോര്‍ജ് ഗ്ലെസ്മാനെ വിട്ടുനല്‍കും. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇയാള്‍ തടവിലുണ്ട്. ഗ്വാണ്ടനാമോയില്‍ 2008 മുതല്‍ തടവിലുള്ള, ഇതുവരെ കുറ്റം ചുമത്താത്ത മുഹമ്മദ് റഹീമിനെയാണ് യുഎസ് വിട്ടുനല്‍കുക.


ഖത്തറിന്റെ മധ്യസ്ഥതയിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടന്നത്. മാനുഷിക പരിഗണന വച്ചാണ് കരാറിന് സമ്മതിച്ചെന്ന് താലിബാന്‍ അറിയിച്ചു.