''മറക്കാനാവാത്ത ടാങ്ക്'' തലാലിന്റെ മൃതദേഹം ലഭിച്ച ടാങ്കിന്റെ ചിത്രം പങ്കുവച്ച് സഹോദരന്‍
ഏഥന്‍: യെമന്‍ പൗരന്‍ തലാല്‍ മെഹ്ദിയുടെ മൃതദേഹം ലഭിച്ച ടാങ്കിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മെഹ്ദി. യെമന്‍ കണ്ടതില്‍ ഏറ്റവും വലിയ കുറ്റകൃത്യത്തിന്റെ നിശബ്ദ സാക്ഷിയാണ് ടാങ്കെന്ന് അബ്ദുല്‍ ഫത്താഹിന്റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു. ''വെള്ളം നിറയ്‌ക്കേണ്ട ടാങ്കില്‍ രക്തം നിറച്ചു. അതിലാണ് ഇന്ത്യയില്‍ നിന്നുള്ള കൊലപാതകി പൈശാചികമായ കുറ്റകൃത്യം ഒളിപ്പിച്ചത്. മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് പ്ലാസ്റ്റിക് ബാഗുകളിലാക്കി ടാങ്കിലിട്ട് പൂട്ടി. ഇത് കുറ്റകൃത്യങ്ങളില്‍ തന്നെ വലിയ കുറ്റകൃത്യമാണ്. പൈശാചികത്വത്തിന്റെ എല്ലാ അതിരുകളും ലംഘിച്ച കൊലപാതകമായിരുന്നു അത്. പെട്ടെന്നുള്ള ദേഷ്യത്തിലോ ഭ്രാന്തിന്റെയോ പേരില്‍ അല്ല ഇന്ത്യക്കാരിയായ നഴ്‌സ് അത് ചെയ്തത്. ബോധം കെടുത്തി കൊന്ന് കഷ്ണങ്ങളാക്കി. അതിന് ശേഷം പ്ലാസ്റ്റിക് ബാഗുകളിലാക്കി ടാങ്കിലിട്ടു. ടാങ്കിന് മുകളില്‍ ഇരുമ്പു തകിടുകളും സിമന്റ് ബ്ലോക്കുകളും ഇട്ടു. സത്യം എന്നെന്നേക്കും മൂടാനായിരുന്നു ശ്രമം. അങ്ങനെയൊരു കുറ്റം ചെയ്യുന്നയാള്‍ മനുഷ്യനല്ല. ഈ ടാങ്കില്‍ എന്റെ സഹോദരന്‍ മൂടപ്പെട്ടു, എന്റെ ഒരുഭാഗവും മൂടപ്പെട്ടു. ദൈവം നിരപരാധിയുടെ രക്തം വെറുതെ ഒഴുകാന്‍ സമ്മതിക്കില്ല. ഞങ്ങള്‍ ഒമ്പതുവര്‍ഷമാണ് നീതിക്കായി കാത്തിരുന്നത്. ജൂലൈ 16ന് വധശിക്ഷ നടപ്പാക്കാനിരിക്കുകയായിരുന്നു. പക്ഷേ, പുതിയ തീയതി പറയാതെ മാറ്റിവച്ചു. കൊലപാതകി ഇരയായി മാറുകയാണോ?. ഞങ്ങള്‍ പറയാനുള്ളത് പറഞ്ഞുകഴിഞ്ഞു. ഞങ്ങളുടെ ആവശ്യം വ്യക്തമാണ്. ന്യായമായ ശിക്ഷ നടപ്പാക്കണം.''-പോസ്റ്റ് പറയുന്നു.