നിമിഷ പ്രിയയുടെ മോചനം: സാമുവല്‍ ജെറോം തട്ടിപ്പുകാരനെന്ന് തലാലിന്റെ സഹോദരന്‍

Update: 2025-07-21 06:01 GMT

ഏഥന്‍: മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ അഭിഭാഷകനെന്ന് പറയപ്പെടുന്ന സാമുവല്‍ ജെറോം തട്ടിപ്പുകാരനെന്ന് കൊല്ലപ്പെട്ട യെമനി പൗരന്‍ തലാല്‍ മെഹ്ദിയുടെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മെഹ്ദി. ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലാണ് അബ്ദുല്‍ ഫത്താഹ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സ്വയം അവകാശപ്പെടുന്നതു പോലെ സാമുവല്‍ ജെറോം അഭിഭാഷകനല്ലെന്നും അദ്ദേഹം പറഞ്ഞു. ''വിവിധ വേദികളില്‍ നിന്നും പണം കവരുകയാണ് സാമുവല്‍. മധ്യസ്ഥത എന്ന പേരില്‍ പണം കവര്‍ന്നു. ഏകദേശം 40,000 ഡോളര്‍ തട്ടിച്ചു. അയാളെ ഞങ്ങള്‍ ഇപ്പോള്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.

നിമിഷ പ്രിയയെ ശിക്ഷിച്ച ശേഷം സന്‍ആയില്‍ വച്ച് അയാളെ കണ്ടിരുന്നു. വളരെ സന്തോഷം നിറഞ്ഞ മുഖത്തോടെ അയാള്‍ ഞങ്ങളെ അഭിനന്ദിച്ചു. തലാലിന്റെ കുടുംബവുമായി മധ്യസ്ഥ ചര്‍ച്ച നടത്താന്‍ 20,000 ഡോളര്‍ സാമുവല്‍ ചോദിച്ചു എന്നാണ് കേരളത്തില്‍ നിന്നുള്ള വാര്‍ത്തകളില്‍ കാണുന്നത്. ഞങ്ങളുടെ ചൊരിഞ്ഞ രക്തത്തിന്റെ പേരില്‍ മധ്യസ്ഥയെന്ന് പറഞ്ഞ് അയാള്‍ വര്‍ഷങ്ങളായി ഇടപാടുകള്‍ നടത്തുന്നു. മധ്യസ്ഥതയെ കുറിച്ച് അയാളുടെ പ്രസ്താവനകളിലൂടെയാണ് ഞങ്ങള്‍ അറിയുന്നത്. നുണയും വഞ്ചനയും നിര്‍ത്തിയില്ലെങ്കില്‍ സത്യം വെളിപ്പെടുത്തും.''-അബ്ദുല്‍ ഫത്താഹ് മെഹ്ദി