ആരുമായും സംസാരിക്കില്ല; നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്ന് തലാലിന്റെ കുടുംബത്തിന്റെ വക്താവ്

Update: 2025-07-16 08:01 GMT

സന്‍ആ: യെമനി പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയ നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്ന് തലാലിന്റെ കുടുംബത്തിന്റെ വക്താവായ സര്‍ഹാന്‍ വൊസാബി. മുബാറക്ക് റാവുത്തറുമായി നടത്തിയ ഓണ്‍ലൈന്‍ അഭിമുഖത്തിലാണ് സര്‍ഹാന്‍ വൊസാബി ഇക്കാര്യം വ്യക്തമാക്കിയത്. യെമനിലെ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിന്റെ പ്രതിനിധി സംഘം തലാലിന്റെ കുടുംബവുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

'' ഫേസ്ബുക്കിലാണ് ഓരോന്നു കാണുന്നത്. ഇന്നലെ രാത്രി തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മെഹ്ദിയുമായി ഞാന്‍ സംസാരിച്ചിരുന്നു. ആരും അവരുമായി സംസാരിച്ചിട്ടില്ല. ബന്ധപ്പെട്ടിട്ടില്ല. ഇനി സംസാരിച്ചാല്‍ തന്നെ അബ്ദുല്‍ ഫത്താഹും കുടുംബവും വിസമ്മതിക്കും. നൂറു ശതമാനം എതിര്‍പ്പാണുണ്ടാവുക. ഇടനിലക്കാര്‍ ആകാശത്ത് നിന്ന് സന്ദേശവാഹകരെ അയച്ചാലും എതിര്‍ക്കും. ഖിസാസ്(പ്രതികാരം) നടപ്പാക്കുക അല്ലാതെ മറ്റൊരു വഴിയുമില്ല. നിമിഷ പ്രിയ വലിയ കുറ്റം ചെയ്തു, ലോകത്തിലെ ഏറ്റവും വലിയ കുറ്റം. നിമിഷ പ്രിയക്ക് ജീവിച്ചിരിക്കാന്‍ സാധിക്കില്ല. ഇത് ഇന്ത്യക്കാരും എല്ലാവരും മനസിലാക്കണം. ഖിസാസ് മാറ്റിവച്ചിരിക്കുകയാണ്. അത് എത്രയും വേഗം നടപ്പാവും. ഇടനിലക്കാര്‍ സര്‍ക്കാരില്‍ ആരെയെങ്കിലും ബന്ധപ്പെട്ടു കാണും, യെമനിലെ സെക്രട്ടറി ജനറല്‍ അങ്ങനെ ആരെയെങ്കിലും ബന്ധപ്പെട്ടു കാണും. ഈ ഇടനിലക്കാര്‍ക്ക് എന്താണ് നേട്ടം ? എന്താണ് ബന്ധം? അതില്‍ അവര്‍ക്ക് ഒരു രഹസ്യമുണ്ട്. തെരുവുകളില്‍ കൂടുതല്‍ പൊതുപിന്തുണയുണ്ടാക്കലാണ് അത്. ഞങ്ങള്‍ പണം നോക്കുന്നില്ല. ഞങ്ങള്‍ ഒന്നും വില്‍ക്കുന്നില്ല. നിങ്ങളുടെ സഹോദരിയേയോ പിതാവിനെ കൊന്നാല്‍ നിങ്ങള്‍ അങ്ങനെ ചെയ്യുമോ ?. നിങ്ങളുടെ പണം നിങ്ങളുടെ ബാഗില്‍ തന്നെ വയ്ക്കൂ. ഞങ്ങള്‍ക്ക് ഖിസാസ് നടപ്പാക്കണം. ഞങ്ങള്‍ യെമനികള്‍ ലോകത്ത് തന്നെ വ്യത്യസ്തരാണ്. ഞങ്ങള്‍ക്ക് പണം ആവശ്യമില്ല. ചര്‍ച്ചയുടെ വാതിലുകള്‍ ഒക്കെ അടച്ചതാണ്. യെമനിലെ കോടതിയില്‍ നിന്നോ മറ്റോ ആരോ ചര്‍ച്ചയുടെ കാര്യം തലാലിന്റെ കുടുംബവുമായി സംസാരിച്ചു. സംസാരിക്കില്ലെന്ന് അവര്‍ പറഞ്ഞു. ഇന്ത്യന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെല്ലാം നുണയാണ്, വീഡിയോകളെല്ലാം നുണയാണ്.''-സര്‍ഹാന്‍ വൊസാബി വിശദീകരിച്ചു.