തൂഫാനുല്‍ അഖ്‌സ തടയാനായില്ല; ഇസ്രായേല്‍ സൈനിക മേധാവി രാജിവയ്ക്കും

Update: 2025-01-21 15:09 GMT

തെല്‍അവീവ്: ഫലസ്തീനികള്‍ 2023 ഒക്ടോബര്‍ ഏഴിന് നടത്തിയ തൂഫാനുല്‍ അഖ്‌സ തടയുന്നതില്‍ പരാജയപ്പെട്ടതിന് ഇസ്രായേലി സൈനിക മേധാവി ഹെര്‍സി ഹലേവി മാര്‍ച്ച് മാസത്തില്‍ രാജി വയ്ക്കും.. രാജിക്കാര്യം വ്യക്തമാക്കി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും യുദ്ധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സിനും ഹെര്‍സി ഹലേവി കത്തയച്ചു. തൂഫാനുല്‍ അഖ്‌സ തടയുന്നതില്‍ പരാജയപ്പെട്ടതിനാല്‍ രാജി വയ്ക്കുമെന്ന മുന്‍ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയാണ് നടപടിയെന്നും അദ്ദേഹം വിശദീകരിച്ചു.

ഗസയില്‍ ഹമാസിനെ രാഷ്ട്രീയമായി പരാജയപ്പെടുത്തണമെന്ന ഇസ്രായേലി സൈന്യത്തിന്റെ ലക്ഷ്യങ്ങള്‍ ഇപ്പോളും ബാക്കിയാണെന്നും കത്ത് പറയുന്നു. ഇസ്രായേലിന്റെ വടക്കന്‍ മേഖലകളിലേക്ക് കുടിയേറ്റക്കാരെ തിരികെയെത്തിക്കാനും ഇതുവരെ സാധിച്ചിട്ടില്ല. തൂഫാനുല്‍ അഖ്‌സയില്‍ സംഭവിച്ച വീഴ്ച്ചകള്‍ പരിശോധിക്കാനും താല്‍ക്കാലിക വെടിനിര്‍ത്തല്‍ സ്ഥിരം വെടിനിര്‍ത്തലാക്കാനും വേണ്ടിയാണ് മാര്‍ച്ച് വരെ പദവിയില്‍ തുടരുന്നത്. ഹെര്‍സി ഹലേവി രാജിവെച്ചതിന് തൊട്ടുപിന്നാലെ ഇസ്രായേല്‍ സൈന്യത്തിന്റെ തെക്കന്‍ കമാന്‍ഡ് മേധാവിയായ മേജര്‍ ജനറല്‍ യാരോണ്‍ ഫിങ്കല്‍സ്റ്റീനും സൈന്യത്തില്‍ നിന്നും രാജിവെച്ചു.