വയനാട് ദുരന്തം: വായ്പ തിരിച്ചടക്കാത്തവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കരുതെന്ന് ഹൈക്കോടതി; ''മാര്‍ച്ച് 31നകം പദ്ധതികള്‍ നടപ്പാക്കുന്നത് അസാധ്യം''

Update: 2025-03-03 07:22 GMT

കൊച്ചി: വയനാട് ദുരന്തബാധിതര്‍ വായ്പകള്‍ തിരിച്ചടച്ചില്ലെങ്കില്‍ കടുത്ത നടപടികള്‍ സ്വീകരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കും വരെ നടപടികളൊന്നും സ്വീകരിക്കരുതെന്നാണ് ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, എസ് ഈശ്വരന്‍ എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇക്കാര്യം സംസ്ഥാന തല ബാങ്കേഴ്‌സ് കമ്മിറ്റിയെ സംസ്ഥാന സര്‍ക്കാര്‍ അറിയിക്കണം.

'' വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഈ കോടതിയെ അറിയിക്കുന്നതുവരെ ദുരിതബാധിതര്‍ക്കെതിരേ നിര്‍ബന്ധിത നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഞങ്ങള്‍ കരുതുന്നു.''-കോടതി പറഞ്ഞു. 2024 ജൂലൈ 30ന് വയനാടുണ്ടായ ദുരന്തത്തില്‍ സ്വമേധയാ എടുത്ത കേസാണ് ഹൈക്കോടതി പരിഗണിച്ചത്.

വിഷയത്തില്‍ ബാങ്കുകളുടെ സംസ്ഥാന തല അസോസിയേഷനുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും വായ്പകള്‍ എഴുതിത്തള്ളാവുന്ന മേഖലകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ ആര്‍ എല്‍ സുന്ദരേശന്‍ കോടതിയെ അറിയിച്ചു. ഇതില്‍ ദേശീയതല കമ്മിറ്റിയുടെ അഭിപ്രായം പരിഗണിച്ച് കേന്ദ്രസര്‍ക്കാര്‍ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദുരിതബാധിതരുടെ പുനരധിവാസ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് നിശ്ചയിച്ച സമയപരിധിയെക്കുറിച്ചും കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി. ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ചില പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി 529.50 കോടി രൂപയുടെ ദീര്‍ഘകാല പലിശരഹിത വായ്പ അനുവദിച്ചിട്ടുണ്ടെന്നും മാര്‍ച്ച് 31ന് മുമ്പ് പണം വിനിയോഗിക്കണമെന്നാണ് വ്യവസ്ഥയെന്നും കേന്ദ്രം അറിയിച്ചു. എന്നാല്‍, ഈ സമയപരിധിക്കുള്ളില്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നത് അസാധ്യമാണെന്ന് കോടതി നിരീക്ഷിച്ചു. മാര്‍ച്ച് 31ന് സാമ്പത്തിക വര്‍ഷം അവസാനിക്കും എന്നതുകൊണ്ടാണോ പദ്ധതി നടത്തിപ്പിന്റെ അവസാന തീയതി മാര്‍ച്ച് 31 ആക്കിയത് ? അതോ പദ്ധതി നടപ്പാക്കുന്ന ഏജന്‍സിക്ക് മാര്‍ച്ച് 31ന് മുമ്പ് പണം നല്‍കണമെന്നാണോ കേന്ദ്രം ഉദ്ദേശിക്കുന്നത് ? ഇക്കാര്യങ്ങളില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് കേസ് രണ്ടാഴ്ച്ചത്തേക്ക് മാറ്റി.