മലയാളി ഡോക്ടറില്‍ നിന്ന് 7.65 കോടി രൂപ തട്ടിയ തായ്‌വാന്‍ സ്വദേശികള്‍ അറസ്റ്റില്‍
ആലപ്പുഴ: ചേര്‍ത്തലയിലെ ഡോക്ടറെ ഓണ്‍ലൈന്‍ തട്ടിപ്പിനിരയാക്കി 7.65 കോടി രൂപ തട്ടിയെടുത്ത തായ്‌വാന്‍ സ്വദേശികള്‍ അറസ്റ്റില്‍. മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ഗുജറാത്തിലെ സബര്‍മതി ജയിലില്‍ കഴിയുന്ന വാങ്ചുന്‍ വേ, ഷെന്‍വേ ചുങ് എന്നിവരെയാണ് ഗുജറാത്തില്‍ പോയി കേരള പോലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരെ ആലപ്പുഴയില്‍ എത്തിച്ചു.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം ഡോക്ടറായ വിനയകുമാറിനെയാണ് സംഘം കബളിപ്പിച്ചത്. ഈ കേസിലെ മറ്റു അഞ്ചു പ്രതികളെ നേരത്തെ സൈബര്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. യുപി, കര്‍ണാടക സ്വദേശികളായ ഈ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് തായ്‌വാന്‍ പൗരന്‍മാരെ കുറിച്ചുള്ള വിവരം പോലിസിന് ലഭിച്ചത്. ഇവര്‍ ജയിലിലാണെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. തുടര്‍ന്നാണ് നിയമപരമായ രേഖകള്‍ തയ്യാറാക്കി കേരള പോലിസ് ഗുജറാത്തിലേക്ക് പോയത്. ഇവര്‍ക്ക് മറ്റു സൈബര്‍ തട്ടിപ്പുകളുമായി ബന്ധമുണ്ടെന്ന് പോലിസ് അറിയിച്ചു. നാളെ തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കും.