തബ്‌ലീഗ് ജമാഅത്തുകാര്‍ കൊവിഡ് പരത്തിയെന്ന കേസുകള്‍ റദ്ദാക്കി; 16 കേസുകളും കുറ്റപത്രങ്ങളുമാണ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയത്; 70 പേര്‍ കുറ്റവിമോചിതരായി

Update: 2025-07-17 13:21 GMT

ന്യൂഡല്‍ഹി: തബ്‌ലീഗ് ജമാഅത്തുകാര്‍ കൊവിഡ് പരത്തിയെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകളും കുറ്റപത്രങ്ങളും ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. പതിനാറ് കേസുകളും കുറ്റപത്രങ്ങളുമാണ് റദ്ദാക്കിയത്. 70 പേര്‍ ഇതോടെ കുറ്റവിമോചിതരായി. തബ്‌ലീഗുകാര്‍ക്കെതിരേയും പൊതുവില്‍ മുസ്‌ലിംകള്‍ക്കെതിരേയും ഹിന്ദുത്വ സംവിധാനങ്ങള്‍ പടച്ചുവിട്ട പ്രചാരണങ്ങളും പോലിസിന്റെ നടപടികളുമാണ് ഡല്‍ഹി ഹൈക്കോടതി ചവറ്റുകൊട്ടയില്‍ വലിച്ചെറിഞ്ഞത്.

കൊവിഡ് പരത്താന്‍ 2020 മാര്‍ച്ച് 24നും 30നും ഇടയില്‍ ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ചാണ് വിദേശികള്‍ അടക്കമുള്ള തബ്‌ലീഗ് അംഗങ്ങള്‍ക്കെതിരേ കേസെടുത്തിരുന്നത്. 1897ലെ പകര്‍ച്ചവ്യാധി നിയമം, പ്രകൃതി ദുരന്ത നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം അടക്കമുള്ള നിയമങ്ങള്‍ പ്രകാരമായിരുന്നു കേസുകള്‍. മൊത്തം 995 വിദേശികളെ കേസില്‍ എഫ്‌ഐആറില്‍ പ്രതിയാക്കിയെങ്കിലും കുറ്റപത്രത്തില്‍ അവരെ ഒഴിവാക്കി. കൊവിഡ് കാലത്ത് മുസ്‌ലിംകള്‍ക്കെതിരേ വലിയ കുപ്രചാരണങ്ങളാണ് ഹിന്ദുത്വ സംഘങ്ങള്‍ നടത്തിയിരുന്നത്. അവയെല്ലാം നുണയായിരുന്നുവെന്നാണ് ഡല്‍ഹി ഹൈക്കോടതിയുടെ വിധി സൂചിപ്പിക്കുന്നത്.