തകര്‍ന്നടിഞ്ഞ് ട്വന്റി 20യുടെ കമ്പനി ഭരണം

Update: 2025-12-14 04:37 GMT

കൊച്ചി: കിറ്റക്‌സ് കമ്പനി ഉടമ സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി 20 പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി തിരഞ്ഞെടുപ്പ് ഫലം. നാല് പഞ്ചായത്തുകളില്‍ രണ്ടെണ്ണവും രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനും ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുമാണ് ട്വന്റി 20യെ കൈവിട്ടത്.വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലിരുന്ന നാല് പഞ്ചായത്തുകളില്‍ രണ്ടിടങ്ങളില്‍നിന്ന് ട്വന്റി 20 പുറത്തായി. കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂര്‍ പഞ്ചായത്തുകളില്‍ കിഴക്കമ്പലത്തും ഐക്കരനാടും മാത്രമാണ് ഇക്കുറി അവര്‍ക്ക് നിലനിര്‍ത്താനായത്. കുന്നത്തുനാട്, മഴുവന്നൂര്‍ പഞ്ചായത്തുകളില്‍ യുഡിഎഫിനാണ് ഭരണം ലഭിച്ചത്. മഴുവന്നൂരില്‍ 19ല്‍ 14 സീറ്റും കുന്നത്തുനാട് 18ല്‍ 11 സീറ്റും നേടിയാണ് കഴിഞ്ഞ പ്രാവശ്യം ട്വന്റി 20 ജയിച്ചത്. ഇക്കുറി അവിടങ്ങളില്‍ യഥാക്രമം ആറും എട്ടും സീറ്റിലാണ് വിജയിക്കാനായത്.

പുത്തന്‍കുരിശ് ജില്ലാപഞ്ചായത്ത് ഡിവിഷനില്‍ ട്വന്റി 20യെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി എല്‍ഡിഎഫ് വിജയം നേടി. കോലഞ്ചേരി ജില്ലാ പഞ്ചായത്ത്, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും ട്വന്റി 20യെ കൈവിട്ടു. ബ്ലോക്ക് പഞ്ചായത്തില്‍ ആകെയുള്ള 14 ഡിവിഷനില്‍ അഞ്ചുവീതം യുഡിഎഫും എല്‍ഡിഎഫും നേടി. ഏഴ് പഞ്ചായത്തുകളില്‍ ഇക്കുറി ഭരണം പിടിക്കുമെന്നാണ് ട്വന്റി 20 കോഓര്‍ഡിനേറ്റര്‍കൂടിയായ കിറ്റക്സ് ഉടമ സാബു എം ജേക്കബ് അവകാശപ്പെട്ടിരുന്നത്. കൊച്ചി കോര്‍പറേഷനില്‍ 76 ഡിവിഷനില്‍ 55 ഇടത്തും സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും ഒരിടത്തും ജയിക്കാനായില്ല.