ഇസ്രായേലും സിറിയയും തമ്മില്‍ ചര്‍ച്ച തുടങ്ങി: യുഎസ് പ്രതിനിധി തോമസ് ബരാക്ക്
വാഷിങ്ടണ്‍: സിറിയയും ഇസ്രായേലും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായി യുഎസിന്റെ സിറിയന്‍ പ്രതിനിധി തോമസ് ബരാക്ക്. സിറിയയില്‍ നിന്നും ഇസ്രായേല്‍ പിടിച്ചെടുത്ത ഗോലാന്‍ കുന്നുകള്‍ നിലവിലെ ചര്‍ച്ചയുടെ ഭാഗമാവില്ലെന്നും തോമസ് ബരാക്ക് പറഞ്ഞു.യുഎഇ തലസ്ഥാനമായ അബൂദബിയില്‍ വച്ചാണ് സിറിയന്‍ പ്രസിഡന്റ് അഹമദ് അല്‍ ഷറയും ഇസ്രായേലി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാക്കി ഹനെഗ്ബിയും ചര്‍ച്ച നടത്തിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സയ്ദാണ് ചര്‍ച്ചകള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയത്.
അഹമദ് അല്‍ ഷറയും സാക്കി ഹനെഗ്ബിയും വ്യത്യസ്ത വിമാനങ്ങളിലായി ഒരേസമയം അബൂദബിയില്‍ എത്തിയിരുന്നു. തെക്കന്‍ സിറിയയിലെ ധാര, ക്യുനെയ്ത്ര, അസ്സുവൈദ പ്രവിശ്യകളില്‍ സുരക്ഷാ സോണുകള്‍ രൂപീകരിക്കുന്ന കാര്യമാണ് നിലവില്‍ ചര്‍ച്ച ചെയ്യുന്നത്. ഈ പ്രദേശങ്ങളില്‍ നിന്ന് സിറിയന്‍ സര്‍ക്കാര്‍ ആയുധങ്ങളും സൈനികബാരക്കുകളും പിന്‍വലിക്കണം. പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സിറിയന്‍ പോലിസ് ചെറിയ ആയുധങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നുമാണ് ഇസ്രായേലിന്റെ ആവശ്യം. സിറിയന്‍ സര്‍ക്കാരിനെ ലോകരാജ്യങ്ങള്‍ അംഗീകരിക്കാന്‍ വേണ്ട സഹായങ്ങള്‍ ഇസ്രായേല്‍ നല്‍കണമെന്നാണ് സിറിയയിലെ ഇടക്കാല സര്‍ക്കാരിന്റെ ആവശ്യം.