ഇസ്രായേലിന്റെ സഹായം നിഷേധിച്ച് സിറിയന്‍ ഗ്രാമം

Update: 2025-06-29 05:31 GMT

ദമസ്‌കസ്: തെക്കന്‍ സിറിയയിലെ ഗോലാന്‍ കുന്നുകള്‍ക്ക് സമീപമുള്ള ഗ്രാമങ്ങളില്‍ സഹായം നല്‍കാമെന്ന ഇസ്രായേലിന്റെ നിര്‍ദേശം ഗ്രാമവാസികള്‍ നിരസിച്ചതായി റിപോര്‍ട്ട്. കഴിഞ്ഞ ഡിസംബറില്‍ ബശാറുല്‍ അസദ് അധികാരത്തില്‍ നിന്നും പുറത്തായ ശേഷം ഇസ്രായേല്‍ നിയന്ത്രണത്തിലാക്കിയ സിറിയയിലെ ക്യുനേത്ര പ്രദേശത്താണ് സംഭവം. 20 ഇസ്രായേലി സൈനികര്‍ ക്യൂനേത്രയിലെ വിവിധ പ്രദേശങ്ങളില്‍ റെയ്ഡുകള്‍ നടത്തി. രണ്ടു ടാങ്കുകളുമായാണ് അവര്‍ എത്തിയത്. അതിന് ശേഷമാണ് പലവിധ സഹായങ്ങളുമായി എത്തിയത്. ഇത് നാട്ടുകാര്‍ നിരസിച്ചു.

അതേസമയം, ഇസ്രായേലുമായി സമാധാന കരാറില്‍ ഒപ്പിടാന്‍ സിറിയന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായും റിപോര്‍ട്ടുകളുണ്ട്. സിറിയയുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി ഇസ്രായേലി ദേശീയ സുരക്ഷാ സമിതി മേധാവി സാക്കി ഹാനെഗ്ബി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിറിയ, ലബ്‌നാന്‍ എന്നീ രാജ്യങ്ങള്‍ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് സാക്കി ഹാനെഗ്ബി പറയുന്നത്. ഇസ്രായേലുമായി പരോക്ഷ ചര്‍ച്ചകള്‍ നടക്കുന്നതായി സിറിയന്‍ പ്രസിഡന്റ് അഹമദ് അല്‍ ഷറ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെ കണ്ടപ്പോള്‍ വെളിപ്പെടുത്തിയിരുന്നു. ഇസ്രായേലിനും സിറിയയ്ക്കും പൊതുശത്രുക്കള്‍ ഉളളതായും അല്‍ ഷറ പിന്നീട് പറഞ്ഞു.


ഇസ്രായേലിനെയും അറബ് രാജ്യങ്ങളെയും കൂട്ടിചേര്‍ക്കുന്ന, യുഎസ് നേതൃത്വത്തിലുള്ള, എബ്രഹാം ഉടമ്പടി വ്യാപിപ്പിക്കുന്ന കാര്യത്തില്‍ ഇസ്രായേലില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിനായ് അവര്‍ പലതരം ക്യാംപയിനുകള്‍ നടത്തുന്നുണ്ട്.