ഇസ്രായേലിനെ അംഗീകരിക്കില്ല; സുരക്ഷാ ധാരണ സാധ്യമാണ്: സിറിയ

Update: 2025-09-23 08:30 GMT

ന്യൂയോര്‍ക്ക്: ഇസ്രായേലിനെ സിറിയ അംഗീകരിക്കില്ലെന്ന് പ്രസിഡന്റ് അഹമ്മദ് അല്‍ ഷറ. എന്നാല്‍, സുരക്ഷയുമായി ബന്ധപ്പെട്ട് അവരുമായി ധാരണ സാധ്യമാണെന്നും ന്യൂയോര്‍ക്കില്‍ കോണ്‍കോര്‍ഡിയ ഉച്ചകോടിയില്‍ സംസാരിക്കവെ അഹമ്മദ് അല്‍ ഷറ പറഞ്ഞു. ''സിറിയയുടെ പരമാധികാരം നിലനിര്‍ത്തുന്നതിനും ഇസ്രായേലിന്റെ ചില സുരക്ഷാ ആശങ്കകള്‍ പരിഹരിക്കുന്നതിനും സഹായിക്കുന്ന ധാരണയില്‍ എത്താവുന്നതാണ്.''-അഹമ്മദ് അല്‍ ഷറ പറഞ്ഞതായി ഫ്രാന്‍സ്-24 റിപോര്‍ട്ട് ചെയ്തു. സിറിയ വ്യത്യസ്തമായ രാജ്യമാണെന്ന് എബ്രഹാം ഉടമ്പടിയില്‍ ചേരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി അഹമ്മദ് അല്‍ ഷറ പറഞ്ഞു. ''എബ്രഹാം ഉടമ്പടിയുടെ ഭാഗമായിട്ടുള്ളവര്‍ അവരുടെ അയല്‍രാജ്യങ്ങളല്ല. ഗോലാന്‍ കുന്നുകളിലും സിറിയയുടെ മറ്റുഭാഗങ്ങളിലും ഇസ്രായേല്‍ ആയിരക്കണക്കിന് ആക്രമണങ്ങളും കടന്നുകയറ്റങ്ങളും നടത്തി. അവര്‍ക്ക് സിറിയയില്‍ ചില ഉദ്ദേശ്യങ്ങളുണ്ട്. ഈജിപ്തുമായും ജോര്‍ദാനുമായുള്ള സമാധാന കരാറുകള്‍ ലംഘിച്ചവരാണ് ഇസ്രായേലികള്‍. ഇപ്പോള്‍ ഗസയില്‍ നടക്കുന്ന സംഭവങ്ങളില്‍ സിറിയക്കാര്‍ക്ക് വലിയ രോഷമുണ്ട്. അത് ഇസ്രായേലുമായുള്ള ബന്ധത്തെ സ്വാധീനിക്കും.''-അദ്ദേഹം വിശദീകരിച്ചു.

അതേസമയം, പശ്ചിമേഷ്യയില്‍ സമാധാനമുണ്ടാവുമെന്നത് വ്യാമോഹം മാത്രമാണെന്ന് സിറിയക്കുള്ള പ്രത്യേക യുഎസ് പ്രതിനിധിയായ ടോം ബരാക്ക് ദുബൈയില്‍ പറഞ്ഞു.


പ്രദേശത്ത് നിലവില്‍ 27 വെടിനിര്‍ത്തല്‍ കരാറുകളുണ്ട്. അതൊന്നും പാലിക്കപ്പെടുന്നില്ല. ഇസ്രായേല്‍ യുഎസിന്റെ സുപ്രധാന സഖ്യകക്ഷിയാണ്. അതിന് യുഎസിന്റെ ഹൃദയത്തില്‍ സ്ഥാനമുണ്ട്. എല്ലാ വര്‍ഷവും ഞങ്ങള്‍ അവര്‍ക്ക് 500 കോടി ഡോളറിന്റെ സഹായം നല്‍കുന്നു. ഖത്തറില്‍ ആക്രമണം നടത്തുന്ന കാര്യം ഇസ്രായേല്‍ തങ്ങളെ അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.