സിറിയയില്‍ ജയില്‍ ചാടിയ ഐഎസുകാര്‍ക്കായി തിരച്ചില്‍; ഹസാക്ക നഗരം വളഞ്ഞ് സൈന്യം
ദമസ്‌കസ്: സിറിയന്‍ അറബ് സൈന്യവും കുര്‍ദ് സൈന്യമായ എസ്ഡിഎഫും തമ്മിലുള്ള സംഘര്‍ഷത്തിനിടെ ജയില്‍ ചാടിയ ഐഎസ് പ്രവര്‍ത്തകരെ പിടിക്കാന്‍ ശ്രമം നടക്കുന്നു. ഹസാക്ക നഗരത്തിലാണ് സിറിയന്‍ അറബ് സൈന്യം തിരച്ചിലുകള്‍ നടത്തുന്നത്. നഗരം പൂര്‍ണമായും വളഞ്ഞിട്ടുമുണ്ട്. 2014 മുതല്‍ യുഎസ് പിന്തുണയോടെ ഹസാക്ക നഗരം എസ്ഡിഎഫാണ് നിയന്ത്രിച്ചിരുന്നത്. ഈ നഗരം പിടിക്കാന്‍ സിറിയന്‍ അറബ് സൈന്യം ശ്രമിച്ചതാണ് എസ്ഡിഎഫുമായി വലിയ സംഘര്‍ഷത്തിന് കാരണമായത്. എസ്ഡിഎഫ് യുദ്ധത്തിനിറങ്ങിയ സമയത്ത് ഐഎസ് പ്രവര്‍ത്തകര്‍ ജയില്‍ ചാടുകയായിരുന്നു. ഏകദേശം 9,000 ഐഎസ് പ്രവര്‍ത്തകരാണ് ജയില്‍ എന്നറിയപ്പെടുന്ന തടങ്കല്‍പ്പാളയത്തിലുണ്ടായിരുന്നു.
ഇതില്‍ നിരവധി പേര്‍ രക്ഷപ്പെട്ടു. ഐഎസ് പ്രവര്‍ത്തകരെ തടവിലിട്ടിട്ടത് തങ്ങളാണെന്നും അതിനാല്‍ പാശ്ചാത്യ രാജ്യങ്ങള്‍ തങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നുമാണ് എസ്ഡിഎഫ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, തടവുകാരെ നിയന്ത്രിക്കാന്‍ തങ്ങള്‍ക്കറിയാമെന്ന് സിറിയന്‍ സര്‍ക്കാരും പറയുന്നു.
