സിറിയയില്‍ വീണ്ടും വെടിനിര്‍ത്തല്‍; സുവായ്ദയില്‍ നിന്നും സൈന്യം പിന്‍മാറി തുടങ്ങി
ദമസ്‌കസ്: സംഘര്‍ഷം ശക്തമായ സിറിയയിലെ അല്‍ സുവായ്ദ പ്രദേശത്ത് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. കരാറിന്റെ ഭാഗമായി സിറിയന്‍ അറബ് സൈന്യം പ്രദേശത്ത് നിന്നും പിന്‍മാറി തുടങ്ങി. സിറിയന്‍ സര്‍ക്കാരും ഡ്രൂസ് വിഭാഗങ്ങളുടെ നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയാണ് വെടിനിര്‍ത്തലിന് കാരണമായത്. സൈനിക നടപടികള്‍ അവസാനിപ്പിക്കുകയാണെന്ന് ഡ്രൂസ് മുസ്‌ലിം സംഘടനകളും പ്രഖ്യാപിച്ചു. വെടിനിര്‍ത്തല്‍ നടപ്പാവുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇരുവിഭാഗവും ചേര്‍ന്ന പ്രത്യേക സമിതിയും രൂപീകരിച്ചു. വിവിധ പ്രദേശങ്ങളില്‍ ഇരുവിഭാഗവും ചേര്‍ന്ന ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിക്കും.
സിറിയയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളെ പ്രസിഡന്റ് അഹമദ് അല്‍ ഷറ വിമര്‍ശിച്ചു. ''യുദ്ധത്തെ ഭയപ്പെടുന്നവരുടെ കൂട്ടത്തിലല്ല ഞങ്ങള്‍. വെല്ലുവിളികളെ നേരിടാനും നമ്മുടെ ജനങ്ങളെ സംരക്ഷിക്കാനുമാണ് ഞങ്ങള്‍ ഞങ്ങളുടെ ജീവിതം ചെലവഴിച്ചത്. കുഴപ്പങ്ങള്‍ക്കും നാശങ്ങള്‍ക്കും മുന്നില്‍ സിറിയക്കാരുടെ താല്‍പ്പര്യങ്ങള്‍ക്കാണ് ഞങ്ങള്‍ മുന്‍തൂക്കം നല്‍കിയത്. സിറിയന്‍ ജനത യുദ്ധത്തെ ഭയപ്പെടുന്നില്ല. അന്തസ്സിന് ഭീഷണിയുണ്ടായാല്‍ പോരാടാന്‍ അവര്‍ തയ്യാറാണ്.''-അല്‍ ഷറ പറഞ്ഞു.