കുര്‍ദ് മേഖലയില്‍ മുന്നേറ്റവുമായി സിറിയന്‍ അറബ് സൈന്യം; നടപടികള്‍ നിര്‍ത്തണമെന്ന് യുഎസ്

Update: 2026-01-18 04:43 GMT

ദമസ്‌കസ്: വടക്കന്‍ സിറിയയിലെ കുര്‍ദ് പ്രദേശങ്ങള്‍ ഒന്നൊന്നായി കീഴടക്കി സിറിയന്‍ അറബ് സൈന്യം. യൂഫ്രട്ടീസ് നദിക്ക് സമീപമുള്ള നഗരങ്ങളും എണ്ണപ്പാടങ്ങളും പിടിച്ചെടുത്തതായി സിറിയന്‍ സര്‍ക്കാര്‍ അറിയിച്ചു. ആലപ്പോ നഗരത്തിലെ പരാജയത്തിന് ശേഷം യൂഫ്രട്ടീസ് നദിക്ക് കിഴക്കുള്ള പ്രദേശങ്ങളിലേക്ക് മാറാമെന്ന കുര്‍ദ് നേതൃത്വത്തിലുള്ള എസ്ഡിഎഫിന്റെ നിലപാടിന് ശേഷമാണ് സിറിയന്‍ അറബ് സൈന്യം ആക്രമണം ശക്തമാക്കിയത്. യൂഫ്രട്ടീസിലെ അണക്കെട്ടും അല്‍ തഖ്ബ പ്രദേശവും ഇപ്പോള്‍ സിറിയന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. അല്‍ തഖ്ബ സൈനിക വിമാനത്താവളത്തിന്റെ നിയന്ത്രണവും അവര്‍ കൈയ്യടക്കി. റഖ പ്രവിശ്യയിലെ റുസാഫ, സഫയാന്‍ എണ്ണപ്പാടങ്ങള്‍ നിയന്ത്രണത്തിലാക്കിയതായി സിറിയന്‍ പെട്രോളിയം കമ്പനിയും അറിയിച്ചു. അതേസമയം, സിറിയന്‍ സൈന്യം നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് തലവന്‍ ബ്രാഡ് കൂപ്പര്‍ ആവശ്യപ്പെട്ടു. ആലപ്പോ നഗരത്തിനും തഖ്ബയ്ക്കും ഇടയിലുള്ള പ്രദേശങ്ങളിലെ നടപടികള്‍ നിര്‍ത്തണമെന്നാണ് ആവശ്യം.