ദമസ്‌കസ്: സിറിയയിലെ തീരദേശനഗരമായ ടാര്‍ടസിലെ തുറമുഖം റഷ്യക്ക് നാവികത്താവളമായി ഉപയോഗിക്കാമെന്ന കരാര്‍ ഇടക്കാല സര്‍ക്കാര്‍ റദ്ദാക്കി. 1971 മുതല്‍ റഷ്യ ഉപയോഗിക്കുന്നതും 2017ല്‍ 49 വര്‍ഷത്തേക്ക് പുതുക്കിയതുമായ കരാറാണ് റദ്ദാക്കിയിരിക്കുന്നത്. നിലവില്‍ സിറിയയില്‍ ഉള്ള എല്ലാ റഷ്യന്‍ സൈനികരും ഉടന്‍ സ്ഥലം വിടണമെന്നും നിര്‍ദേശമുണ്ട്. ഇതോടെ കഴിഞ്ഞ മൂന്നു ആഴ്ച്ചയായി മെഡിറ്ററേനിയന്‍ കടലില്‍ നങ്കൂരമിട്ട് കിടന്നിരുന്ന രണ്ടു റഷ്യന്‍ കാര്‍ഗോ കപ്പലുകള്‍ തുറമുഖത്തെത്തിയതായി റിപോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ ലതാകിയ പ്രദേശത്തെ ഖ്‌മെയ്മം വ്യോമസേനാതാവളത്തില്‍ റഷ്യന്‍ സൈനികരുണ്ട്. ഇവരും രാജ്യം വിടും.
ആഫ്രിക്കയിലെ റഷ്യന്‍ പ്രവര്‍ത്തനങ്ങളെ സഹായിച്ചിരുന്ന തുറമുഖമാണ് ഇത്. തങ്ങളുടെ സഖ്യകക്ഷികള്‍ക്ക് വേണ്ട ആയുധങ്ങളും മറ്റും റഷ്യ വിതരണം ചെയ്തിരുന്നത് ഇവിടെ നിന്നായിരുന്നു. മെഡിറ്ററേനിയന്‍ കടലിലെ റഷ്യന്‍ അന്തര്‍വാഹിനികള്‍ക്ക് വേണ്ട ഇന്ധനം ശേഖരിച്ചിരുന്നതും ഈ തുറമുഖത്തുനിന്നായിരുന്നുവെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. 2013 മുതല്‍ രണ്ട് സായുധ അന്തര്‍വാഹിനികളെ റഷ്യ ഇവിടെ വിന്യസിച്ചിരുന്നു. അതേസമയം, റഷ്യയില്‍ നിന്നും ഇറാനില്‍ നിന്നും ഇസ്രായേലില്‍ നിന്നുമുള്ള എല്ലാ ഇറക്കുമതികളും നിരോധിക്കുന്ന ഉത്തരവും ഇടക്കാല സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്.
