കുര്‍ദ് സൈന്യവുമായി ചര്‍ച്ചക്കില്ലെന്ന് സിറിയന്‍ സര്‍ക്കാര്‍

Update: 2025-08-09 16:03 GMT

ദമസ്‌കസ്: കുര്‍ദുകളുടെ നേതൃത്വത്തിലുള്ള സൈന്യവുമായി ചര്‍ച്ചയ്ക്കില്ലെന്ന് സിറിയന്‍ സര്‍ക്കാര്‍. ദമസ്‌കസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഹമദ് അല്‍ ഷറയുടെ സിറിയന്‍ സര്‍ക്കാരില്‍ ചേരാന്‍ തയ്യാറാണെന്ന കരാറില്‍ കഴിഞ്ഞ മാര്‍ച്ചില്‍ കുര്‍ദ് സൈന്യം ഭരിക്കുന്ന റൊജാവ എന്ന പ്രദേശത്തെ ഭരണസംവിധാനം ഒപ്പിട്ടിരുന്നു. എന്നാല്‍, ഈ കരാര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഫ്രാന്‍സിലെ പാരിസില്‍ നടക്കാനിരിക്കുന്ന തുടര്‍ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നാണ് സിറിയന്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

കുര്‍ദ് സൈന്യം നേതൃത്വം നല്‍കുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ ഭാഗമായ വിവിധ സംഘടനകള്‍ വെള്ളിയാഴ്ച സിസിര്‍ കാന്റണിലെ ഹെസെക്കയില്‍ പ്രത്യേക കോണ്‍ഫറന്‍സ് നടത്തിയിരുന്നു. മതനിരപേക്ഷത, വിവിധ വിഭാഗങ്ങളുടെ പങ്കാളിത്തം, തുല്യപൗരത്വം തുടങ്ങിയ അവകാശങ്ങള്‍ അടങ്ങിയ ജനാധിപത്യ ഭരണകൂടമാണ് വേണ്ടതെന്ന് ഈ കോണ്‍ഫറന്‍സ് പ്രഖ്യാപിച്ചു. എന്നാല്‍, മുന്‍ധാരണകള്‍ക്ക് വിരുദ്ധമാണ് ഈ കോണ്‍ഫറന്‍സിലെ തീരുമാനമെന്ന് സിറിയന്‍ സര്‍ക്കാര്‍ ആരോപിച്ചു. തുടര്‍ന്നാണ് തുടര്‍ചര്‍ച്ചകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.

ഐഎസ് സംഘടന സിറിയയില്‍ ശക്തമായിരുന്ന കാലത്ത് യുഎസ് സഹായത്തോടെയാണ് എസ്ഡിഎഫ് പ്രവര്‍ത്തിച്ചിരുന്നത്. ഐഎസിനെ തകര്‍ക്കുന്നതില്‍ എസ്ഡിഎഫ് നിര്‍ണായക പങ്കും വഹിച്ചു. തുര്‍ക്കിയിലെ കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവായ അബ്ദുല്ല ഒജ്‌ലഹാന്‍ രൂപീകരിച്ച ഡെമോക്രാറ്റിക് സെന്‍ട്രലിസം എന്ന ആശയമാണ് എസ്ഡിഎഫിന്റേത്. സിറിയന്‍ സര്‍ക്കാരിന്റെ ഭാഗമാവുകയാണെങ്കില്‍ സൈന്യത്തില്‍ പ്രത്യേക ബ്ലോക്കായി നില്‍ക്കുമെന്നാണ് എസ്ഡിഎഫിന്റെ നിലപാട്. എന്നാല്‍, വ്യക്തികളായി മാത്രമേ സൈനികരെ സ്വീകരിക്കൂയെന്നാണ് സിറിയന്‍ സര്‍ക്കാരിന്റെ നിലപാട്.